
കാന്തല്ലൂർ :ഇത്തവണ കാലവർഷാരംഭത്തിൽ ഉണ്ടായ കനത്ത മഴയും കാറ്റും കാന്തല്ലൂരിലെ പ്ലം കർഷകർക്ക് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്.കാറ്റിലും മഴയിലും പഴങ്ങൾ വ്യാപകമായി നിലംപതിച്ചതാണ് കർഷകർക്ക് വിനയായത്. മെച്ചപ്പെട്ട വില ഉണ്ടായിരുന്നിട്ടും പഴങ്ങൾ കൊഴിഞ്ഞ് പോയതോടെ അതിൻ്റെ പ്രയോജനം ലഭിക്കാതെ പോയതായി കർഷകർ പറയുന്നു.ഇത്തവണ നേരത്തെയെത്തിയ കാലവർഷവും കാലവർഷാരംഭത്തിൽ ഉണ്ടായ കാറ്റും മഴയും ഹൈറേഞ്ചിലെ കാർഷിക മേഖലക്കാകെ പ്രതിസന്ധി തീർത്തിരുന്നു.
ഇത്തരത്തിൽ പ്രതിസന്ധി നേരിട്ടൊരു വിഭാഗം കർഷകരാണ് കാന്തല്ലൂരിലെ പ്ലം കർഷകർ.മൂപ്പെത്തി പാകമാകുന്ന പ്ലം പഴങ്ങളുടെ വിളവെടുപ്പ് പൂർത്തിയാകുന്നത് മെയ് മാസം അവസാനത്തോടെയാണ്. എന്നാൽ മഴയും കാറ്റും നേരത്തെയെത്തിയതോടെ പാകമായി നിന്നിരുന്ന പ്ലം പഴങ്ങൾ വലിയ തോതിൽ നിലം പതിച്ചു.ഇതോടെ പഴങ്ങൾ വിളവെടുത്ത് വിപണിയിലെത്തിക്കാൻ കർഷകർക്ക് കഴിയാതെ പോയി.
വലിയ നഷ്ടമാണ് ഇതിലൂടെ കർഷകർക്കുണ്ടായത്.മെച്ചപ്പെട്ട വില ഉണ്ടായിരുന്നിട്ടും പഴങ്ങൾ കൊഴിഞ്ഞ് പോയതോടെ അതിൻ്റെ പ്രയോജനം ലഭിക്കാതെ പോയതായി കർഷകർ പറയുന്നു.പ്ലം കർഷകരെ മാത്രമല്ല പഴ വർഗ്ഗങ്ങൾ കൃഷി ചെയ്യുന്ന കാന്തല്ലൂരിലെ മറ്റ് കർഷകരേയും ഇത്തവണത്തെ കാറ്റും മഴയും പ്രതികൂലമായി ബാധിച്ചു. സാധാരണ കാന്തല്ലൂർ മേഖലയിൽ കർക്കിടക മാസത്തിൽ ഉണ്ടാകുമായിരുന്ന കാറ്റും മഴയുമാണ് നേരത്തെ ഉണ്ടായതെന്നും കർഷകർ പറയുന്നു.