Banner Ads

വ്യാജ ഫിറ്റ്‌നസ് കളി; വാഹനം കാണാതെ രജിസ്ട്രേഷൻ പുതുക്കിയ വനിതാ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

കൊല്ലം : വാഹനങ്ങൾ നേരിട്ട് കണ്ട് പരിശോധന നടത്താതെ നിയമവിരുദ്ധമായി രജിസ്ട്രേഷൻ പുതുക്കി നൽകിയ കൊല്ലം ആർ ടി ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എസ് മഞ്ജുവിനെ ഗതാഗത കമ്മീഷണർ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. ചട്ടങ്ങൾ ലംഘിച്ച് പത്തൊൻപതോളം വാഹനങ്ങൾക്കാണ് ഇവർ ഇത്തരത്തിൽ രജിസ്ട്രേഷൻ പുതുക്കി നൽകിയതായി കണ്ടെത്തിയത്.

മറ്റ് ജില്ലകളിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് വരെ നേരിട്ടുള്ള പരിശോധനയില്ലാതെ കൊല്ലം ഓഫീസിൽ നിന്ന് പുതുക്കൽ സർട്ടിഫിക്കറ്റ് നൽകി. നിയമപ്രകാരം മറ്റ് ആർ ടി ഓഫീസുകളുടെ പരിധിയിലുള്ള വാഹനങ്ങൾ കൊല്ലത്ത് പരിശോധിക്കണമെങ്കിൽ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറുടെ പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്.

എന്നാൽ ഈ മാനദണ്ഡങ്ങളെല്ലാം അസിസ്റ്റന്റ് ഇൻസ്പെക്ടർ കാറ്റിൽപ്പറത്തി. ആർ ടി ഓഫീസിലെ ചില ഏജന്റുമാർ സമർപ്പിച്ച അപേക്ഷകളിലാണ് മഞ്ജു ചട്ടവിരുദ്ധമായി ഒപ്പുവെച്ച് നൽകിയത്. ക്രമക്കേടിന് പിന്നിൽ വൻ സാമ്പത്തിക ഇടപാടുകളും കൈക്കൂലിയും നടന്നിട്ടുണ്ടെന്നാണ് വകുപ്പിന്റെ പ്രാഥമിക നിഗമനം.