Banner Ads

അനധികൃത ഫ്ലെക്‌സുകൾ നീക്കിയില്ലെങ്കിൽ കോടതിയലക്ഷ്യം; തദ്ദേശ സെക്രട്ടറിമാർക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി

കൊച്ചി : സംസ്ഥാനത്ത് അനധികൃത ഫ്ലെക്സുകളും പരസ്യ ബോർഡുകളും സ്ഥാപിക്കുന്നതിനെതിരെയുള്ള കോടതി ഉത്തരവുകൾ തുടർച്ചയായി ലംഘിക്കപ്പെട്ടാൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുമെന്ന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്.

തിരുവനന്തപുരത്തും കൊല്ലത്തും വീണ്ടും അനധികൃത ബോർഡുകൾ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. അനധികൃത ബോർഡുകൾ നിരോധിച്ചുകൊണ്ട് മുൻപും ഉത്തരവുകൾ ഇറക്കിയിട്ടുള്ളതാണ്.

തമിഴ്‌നാട് ഈ വിഷയത്തിൽ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കോടതി ഉത്തരവുകൾ നിലനിൽക്കെ എന്തുകൊണ്ട് സമാനമായ നടപടി സർക്കാർ സ്വീകരിക്കുന്നില്ല എന്ന് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. രാഷ്ട്രീയ പാർട്ടികൾ, മതസ്ഥാപനങ്ങൾ, മർച്ചന്റ്സ് അസോസിയേഷനുകൾ,

മറ്റ് വിവിധ സംഘടനകൾ എന്നിവരാണ് നിയമലംഘനം നടത്തി അനധികൃത ബോർഡുകൾ സ്ഥാപിച്ചതെന്ന് അമിക്കസ് ക്യൂറി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. അനധികൃത ബോർഡുകൾ നീക്കം ചെയ്യുന്നതിനായി ഇതുവരെ സ്വീകരിച്ച നടപടികൾ സർക്കാർ കോടതിയെ അറിയിക്കണം.

ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും സെക്രട്ടറിമാർ തങ്ങളുടെ പരിധിയിലെ മുഴുവൻ അനധികൃത ബോർഡുകളും നീക്കം ചെയ്യണമെന്നും ഭാവിയിൽ ഇവ ഉയരാതിരിക്കാൻ മുൻകരുതൽ എടുക്കണമെന്നും കോടതി നിർദ്ദേശിച്ചു. സെക്രട്ടറിമാർക്കുള്ള അവസാന അവസരമാണെന്നും കോടതി കൂട്ടിച്ചേർത്തു.