
കൊച്ചി : നഗരത്തിലെ ഗതാഗത നിയമലംഘനങ്ങളിൽ പരിശോധനകൾ ശക്തമാക്കാൻ ട്രാഫിക് പോലീസ്. ഇതിന്റെ ഭാഗമായി മാഞ്ഞുപോയ സീബ്രാ ക്രോസിംഗുകൾ അടിയന്തരമായി വരയ്ക്കാൻ കോർപ്പറേഷനോട് ആവശ്യപ്പെട്ടതായി ട്രാഫിക് പോലീസ് അറിയിച്ചു. സീബ്രാവര വഴി കടന്നുപോകുന്ന കാൽനടയാത്രക്കാർക്ക് മുൻഗണന നൽകാതെ വാഹനങ്ങൾ മുന്നോട്ട് പോയാൽ കർശന നടപടിയെടുക്കും.
ഇത്തരം വാഹനങ്ങളുടെ ചിത്രം എടുത്ത് ട്രാഫിക് പോലീസ് പിഴ ചുമത്തും. മഴ കാരണം സീബ്രാ ലൈനുകൾ വരയ്ക്കാൻ കഴിയാത്തതാണ് നിലവിലെ തടസ്സം. നഗരത്തിലെ തിരക്കേറിയ പല സ്ഥലങ്ങളിലും വാഹന പാർക്കിംഗ് നിരോധിച്ചിട്ടുണ്ട്. നോ പാർക്കിംഗ് സ്ഥലങ്ങളിൽ വാഹനം നിർത്തിയാൽ 250 രൂപയാണ് പിഴ. ആവർത്തിച്ചാൽ പിഴ 1000 രൂപയായി വർദ്ധിപ്പിക്കും. നഗരത്തിൽ ഹെൽമെറ്റ് ഉപയോഗം ശക്തമാക്കാനുള്ള നടപടികൾ സ്വീകരിക്കും.
ഹെൽമെറ്റ് ഉപയോഗിക്കാതിരുന്നാൽ 500 രൂപയാണ് പിഴ. പിന്നിലിരിക്കുന്നവരും ഹെൽമെറ്റ് നിർബന്ധമായും ഉപയോഗിക്കണം. ഹെൽമെറ്റിന്റെ ചിൻ സ്ട്രാപ്പ് ഇടാതിരുന്നാലും 500 രൂപ പിഴ ചുമത്തും. നഗരസൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി പുതിയ ഡിവൈഡറുകൾ സ്ഥാപിക്കുമ്പോൾ കോഷൻ ലൈറ്റ് സ്ഥാപിക്കാനും കോർപ്പറേഷന് നിർദ്ദേശം നൽകിയിട്ടുണ്ട്. നഗരത്തിലെ തിരക്കേറിയ പല സ്ഥലങ്ങളിലും ട്രാഫിക് പോലീസിന്റെ സാന്നിധ്യം ഉറപ്പാക്കിയാണ് ശക്തമായ നടപടിക്ക് ഒരുങ്ങുന്നത്.