Banner Ads

കോട്ടയത്ത് എക്സൈസിന്റെ വൻ പുകയില വേട്ട: ഓട്ടോറിക്ഷയിൽ കടത്തിയ 45 കിലോ ഹാൻസുമായി യുവാവ് പിടിയിൽ

കോട്ടയം: സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കോട്ടയം നഗരത്തിൽ വിതരണത്തിനായി എത്തിച്ച വൻ നിരോധിത പുകയില ശേഖരവുമായി യുവാവ് പിടിയിൽ. ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 45 കിലോ ഹാൻസുമായി പാമ്പാടി വെള്ളൂർ പാറക്കൽ വീട്ടിൽ അമൽ പി. വി. (33) യെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.കോട്ടയം ഇ.ഐ. & ഐ.ബി പാർട്ടിയും കോട്ടയം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ ആർ. ദർശകും സംഘവും ചേർന്നാണ് പ്രതിയെ വലയിലാക്കിയത്.

കഴിഞ്ഞ ദിവസം രാത്രി കാരാപ്പുഴ – തിരുനക്കര റോഡിൽ എക്സൈസ് സംഘം കർശനമായ വാഹനപരിശോധന നടത്തുകയായിരുന്നു.കാരാപ്പുഴ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിന് മുൻവശം വെച്ചാണ് പുകയില ഉത്പന്നങ്ങൾ കടത്തിയ പ്രൈവറ്റ് ഓട്ടോറിക്ഷ എക്സൈസ് തടഞ്ഞത്. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് വിൽപനയ്ക്ക് എത്തിച്ചതായിരുന്നു.ഓട്ടോറിക്ഷയിൽ നിന്ന് 2250 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 45 കിലോ ഹാൻസ് പിടിച്ചെടുത്തു.

പ്രതിക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും 10,000/- രൂപ പിഴ ചുമത്തുകയും ചെയ്തു.റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) മാരായ സുരേഷ് ടി. എസ്, ബി. ആനന്ദരാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ യേശുദാസ് ടി. എ, ജിഷ്‌ണു ശിവൻ, ഉണ്ണികൃഷ്ണൻ കെ. പി, സിവിൽ എക്സൈസ് ഡ്രൈവർ അനസ് മോൻ സി. കെ എന്നിവരും പങ്കെടുത്തു. സ്കൂൾ പരിസരങ്ങളിൽ വരും ദിവസങ്ങളിലും നിരീക്ഷണം ശക്തമാക്കുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.