കൊച്ചി:അന്യ സംസ്ഥാന തൊഴിലാളികളിൽ നിന്ന് പണം തട്ടി എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.കുന്നത്തുനാട് എക്സൈസ് പ്രിവന്റീവ് ഓഫീസർ നെല്ലിക്കുഴി പുഴക്കര സലീം യൂസഫ് (52), ആലുവ സർക്കിൾ ഓഫീസിൽ നിന്ന് കമ്മിഷണറുടെ സ്ക്വാഡിലേക്ക് സ്ഥലം മാറിയ തായ്ക്കാട്ടുകര മേക്കിലക്കാട്ടിൽ സിദ്ധാർദ്ധ് (35) എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.എക്സൈസിന് മൊത്തം നാണക്കേടാണെന്ന് വിലയിരുത്തിയാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പൊലീസ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവർ പണം തട്ടിയത്. അർദ്ധരാത്രി റെയ്‌ഡ് എന്ന വ്യാജേന അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നയിടത്ത് ചെന്ന്, 56,000 രൂപയും നാല് മൊബൈൽ ഫോണുകളും തട്ടിയെടുത്തു..എക്സൈസ് ഉദ്യോഗസ്ഥർക്കൊപ്പം ചൂണ്ടി തെങ്ങളാംകുഴി മണികണ്ഠൻ ബിലാൽ (30), ജിബിൻ (32) എന്നിവരും ഉണ്ടായിരുന്നു. മണികണ്ഠൻ ബിലാൽ എടത്തല പൊലീസ് സ്റ്റേഷനിലെ കൊലപാതക കേസിൽ പ്രതിയാണ്.
അസാം സ്വദേശിയായ ജോഹിറൂൾ പൊലീസിൽ പരാതി നൽകി. തുടർന്ന് സംഭവത്തിൽ പൊലീസ് വിശദമായി അന്വേഷണം നടത്തി, അന്വേഷണത്തിൽ പ്രതികളിൽ രണ്ടുപേർ എക്സൈസ് ഉദ്യോഗസ്ഥരാണെന്ന് കണ്ടെത്തി. മണികണ്ഠൻ ബിലാൽ എക്സൈസ് ഇൻഫോർമർ ആണെന്നാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ മൊഴി. നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് നിലവിൽ റിമാൻഡിൽ കഴിയുകയാണ്. കൂടുതൽ എക്സൈസ്ഉദ്യോഗസ്ഥർക്ക് സംഭവത്തിൽ പങ്കുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്.