
ഭോപ്പാൽ: മധ്യപ്രദേശിലെ ഭിന്ദിൽ നിന്നാണ് ഡോക്ടർമാരുടെ അശ്രദ്ധയുടെ മറ്റൊരു റിപ്പോർട്ട് കൂടി പുറത്തുവന്നത്.തുടർച്ചയായ വയറുവേദനയ്ക്ക് ഡോക്ടർ കുറിച്ച് നൽകിയ മരുന്നുകളൊന്നും ഫലിക്കാതെ വന്നതോടെയാണ് കമല ബായ് എന്ന 44കാരി സ്കാൻ ചെയ്തത്. അപ്പോഴാണ് കത്രിക കണ്ടെത്തിയത്.
വയറ്റിൽ ലോഹവസ്തുവാണ് ആദ്യം കണ്ടതെന്നും പിന്നീടത് കത്രികയാണെന്ന് തെളിഞ്ഞതായും സ്കാൻ ചെയ്ത സതീഷ് ശർമ പറഞ്ഞു.ഗുരുതരമായ വീഴ്ചയ്ക്ക് ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കമലയുടെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്.ഡോക്ടർമാരുടെ അശ്രദ്ധ മൂലമാണ് കമല ബായിക്ക് ഇത്രയും വേദന അനുഭവിക്കേണ്ടി വന്നതെന്ന് കുടുംബം പറഞ്ഞു.
സ്കാനിങ് സംബന്ധിച്ച് പൂർണമായ റിപ്പോർട്ട് തയ്യാറാക്കി ഉന്നത അധികാരികൾക്ക് അയക്കുമെന്ന് ജില്ലാ ആശുപത്രി അധികൃതർ അറിയിച്ചു. രണ്ട് വർഷം മുമ്പ് ഗ്വാളിയോറിലെ ഒരു ആശുപത്രിയിൽ കമലയ്ക്ക് ശസ്ത്രക്രിയ ചെയ്തിരുന്നുവെന്ന് കുടുംബം മാധ്യമങ്ങളോട് പറയുന്നത്. അന്നു മുതൽ നിരന്തരം വയറുവേദന അനുഭവപ്പെട്ടു. മരുന്ന് കഴിച്ചിട്ടും മാറ്റമുണ്ടാകാതിരുന്നതോടെയാണ് സ്കാൻ ചെയ്യാൻ ഡോക്ടർമാർ നിർദേശിച്ചത്. ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർമാർ അബദ്ധത്തിൽ കത്രിക വയറിനുള്ളിൽ മറന്നതാണെന്നാണ് സംശയം.