
കൊച്ചി : ഹയർസെക്കൻഡറി രണ്ടാം വർഷ സേ/ ഇംപ്രൂവ്മെന്റ് പരീക്ഷാഫല തീയതി പ്രഖ്യാപിച്ചു. പരീക്ഷാഫലം ശനിയാഴ്ച (25/07/2026) പുറത്തുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ അറിയിച്ചു.
പരീക്ഷ കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും റിസൾട്ട് പ്രഖ്യാപിക്കാത്തത് ഉന്നത പഠനത്തിനായുള്ള ഡിഗ്രി, പ്രൊഫഷണൽ കോഴ്‌സ് പ്രവേശനത്തെ പ്രതിസന്ധിയിലാക്കിയിരുന്നു.
ഫലം വൈകുന്നതുമൂലം വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് അപേക്ഷിക്കാൻ സാധിക്കുന്നില്ലെന്ന പരാതിയുമായി വിവിധ വിദ്യാർത്ഥി സംഘടനകളും രംഗത്തെത്തിയിരുന്നു.
പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് മൂല്യനിർണ്ണയ നടപടികൾ വേഗത്തിലാക്കി റിസൾട്ട് പ്രഖ്യാപിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചത്. പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതോടെ ഉപരിപഠന പ്രവേശനത്തിനുള്ള തടസ്സങ്ങൾ നീങ്ങുമെന്ന പ്രതീക്ഷയിലാണ് വിദ്യാർത്ഥികൾ.