
പാലക്കാട്: മോഷണം പോയ ബൈക്കുമായി കറങ്ങുന്നതിനിടെ കോങ്ങാട് സ്വദേശിയായ യുവാവിനെ ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തു. കോങ്ങാട് കോലാർകുന്ന് വീട്ടിൽ നൗഫ് (19) ആണ് പോലീസിൻ്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം ആർ.എസ്. റോഡ് പരിസരത്തു നിന്നാണ് ഒറ്റപ്പാലം സ്വദേശിയുടെ ബൈക്ക് മോഷണം പോയത്. തുടർന്ന് ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിരുന്നു.
കണ്ണിയംപുറത്ത് വെച്ച് പോലീസ് നടത്തിയ പതിവ് വാഹന പരിശോധനയ്ക്കിടെയാണ് നൗഫ് പിടിയിലായത്. ഷൊർണൂരിൽ പോയി പാലക്കാട്ടേക്ക് തിരികെ പോകുന്നതിനിടെയാണ് ഇയാൾ വലയിലായത്.
നൗഫിനെതിരെ കോങ്ങാട് പോലീസ് സ്റ്റേഷനിലും മോഷണക്കേസുകൾ നിലവിലുണ്ട്. ഒറ്റപ്പാലം ഇൻസ്പെക്ടർ എ. അജീഷ്, എസ്.ഐ. എം. സുഭാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.