Banner Ads

മുട്ടയ്ക്ക് തീവില; കേരളത്തിൽ 7.50 രൂപ, നാമക്കലിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൊത്തവില

തിരുവനന്തപുരം : സംസ്ഥാനത്ത് കോഴിമുട്ടയുടെ വില റെക്കോർഡ് നിലയിൽ എത്തി. ചില്ലറ വിപണിയിൽ ഒരു മുട്ടയ്ക്ക് 7.50 രൂപയാണ് നിലവിലെ വില. മുമ്പ് പരമാവധി 7 രൂപയായിരുന്നുവെങ്കിൽ ദിവസങ്ങൾക്കുള്ളിൽ ഈ വിലവർദ്ധനവ് സാധാരണക്കാർക്ക് തിരിച്ചടിയായി. തമിഴ്‌നാട്ടിൽ നിന്നുള്ള കയറ്റുമതി വർധിച്ചതാണ് കേരളത്തിലെ വിലക്കയറ്റത്തിന് കാരണം.

ദക്ഷിണേന്ത്യയിലെ പ്രധാന മുട്ടയുത്പാദക കേന്ദ്രമായ നാമക്കലിൽ കോഴിമുട്ടയുടെ മൊത്തവില ഒന്നിന് 6.05 രൂപയായി. നാഷണൽ എഗ് കോർഡിനേഷൻ കമ്മിറ്റിയുടെ (NECC) ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണിത്. നാമക്കലിൽ നിന്ന് കയറ്റുകൂലിയും കടത്തുകൂലിയും ഉൾപ്പെടെ മൊത്തവ്യാപാരികൾക്ക് 6.35 രൂപയ്ക്കാണ് മുട്ട ലഭിക്കുന്നത്. ഇവർ ചെറുകിട വ്യാപാരികൾക്ക് 6.70 രൂപയ്ക്ക് നൽകും. ഇത് സാധാരണ കടകളിലെത്തുമ്പോൾ 7.50 രൂപയാകും.

സാധാരണയായി ശബരിമല സീസൺ തുടങ്ങുമ്പോൾ മുട്ടവില കുറയുകയാണ് പതിവ്. എന്നാൽ ഇത്തവണ ദിവസവും വില കൂടുന്ന അവസ്ഥയാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യാപാരികൾ നാമക്കലിൽ നിന്ന് കൂടുതൽ മുട്ട വാങ്ങാൻ തുടങ്ങിയതോടെ ഡിമാൻഡ് ഉയർന്നു. നാമക്കലിൽ മുട്ടവില 6.05 രൂപയിലെത്തി. ഇത് NECC ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 5.70 രൂപയിൽ കൂടുന്നത് ഇതാദ്യമാണ്.

ഡിസംബർ മാസത്തിൽ കേക്ക് നിർമ്മാണം സജീവമാകുന്നതോടെ ഡിമാൻഡ് വർധിക്കുകയും വില ഇനിയും കൂടുകയും ചെയ്യുമെന്നാണ് വ്യാപാരികൾ പറയുന്നത്. നവംബർ ഒന്നിന് 5.40 രൂപയായിരുന്ന നാമക്കലിലെ മൊത്തവിലയാണ് ഇപ്പോൾ 6.05 രൂപയിലെത്തിയിരിക്കുന്നത്. ഹൈദരാബാദ് (6.30 രൂപ), വിജയവാഡ (6.60 രൂപ) എന്നിവിടങ്ങളെ അപേക്ഷിച്ച് ദക്ഷിണേന്ത്യയിൽ ഏറ്റവും കുറഞ്ഞ വില നാമക്കലിലാണ്.