Banner Ads

അങ്കണവാടിയിൽ മുട്ട ബിരിയാണി; ഭക്ഷണ മെനു പരിഷ്കരിക്കാൻ യോഗം ചേർന്നു

തിരുവനന്തപുരം : മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ അങ്കണവാടി ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി യോഗം ചേർന്നു. അങ്കണവാടി ജീവനക്കാരുടെ പ്രശ്നങ്ങളും ഭക്ഷണ മെനുവും യോഗത്തിൽ ചർച്ച ചെയ്തു. ജീവനക്കാർ ഉന്നയിച്ച പ്രശ്നങ്ങളിൽ ഒരു സമിതിയുടെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് തുടർനടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

ഭക്ഷണ മെനുവിന്റെ കാര്യത്തിൽ മുട്ട ബിരിയാണി എല്ലാ അങ്കണവാടികളിലും നൽകാനാകുമെന്ന് യോഗം വിലയിരുത്തി. മെനുവിലെ മറ്റ് ഭക്ഷണങ്ങൾ തയ്യാറാക്കാൻ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ അത് കണ്ടെത്താൻ കഴിയുമെന്നും യോഗത്തിൽ ധാരണയായി.

പഞ്ചസാരയും ഉപ്പും കുറച്ചുകൊണ്ട് കുട്ടികളുടെ പോഷക ആവശ്യങ്ങൾക്കനുസരിച്ച് ഊർജവും പ്രോട്ടീനും ഉൾപ്പെടുത്തി അങ്കണവാടി ഭക്ഷണ മെനു പരിഷ്കരിച്ചത് ആദ്യമായാണ്. വിഭവങ്ങൾ തയ്യാറാക്കാൻ കൂടുതൽ പരിശീലനം ആവശ്യമുള്ളവർക്ക് അത് നൽകാനും തീരുമാനിച്ചു.