
കൊച്ചി : മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് വൈകാരികമായ കുറിപ്പിലൂടെ ജന്മദിനാശംസകൾ നേർന്ന് നടൻ നിവിൻ പോളി. സ്കൂൾ കാലഘട്ടം മുതൽ സിനിമാ മോഹങ്ങൾ മനസ്സിൽ വളർന്നതിന് കാരണം മമ്മൂട്ടിയാണെന്നും അദ്ദേഹത്തോടൊപ്പം ഒരു സിനിമയിൽ ഒരുമിച്ച് അഭിനയിക്കുക എന്നത് ഇന്നും താൻ ആഗ്രഹിക്കുന്ന വലിയൊരു സ്വപ്നമാണെന്നും നിവിൻ പോളി പറഞ്ഞു.
മമ്മൂട്ടിയോടൊപ്പമുള്ള മനോഹരമായ ചിത്രത്തോടൊപ്പമാണ് നിവിൻ സോഷ്യൽ മീഡിയയിൽ ആശംസാ കുറിപ്പ് പങ്കുവെച്ചത്. എന്റെ സ്കൂൾ കാലം മുതൽ സിനിമയെ കുറിച്ച് സ്വപ്നം കണ്ടിട്ടുണ്ടെങ്കിൽ അതിന് കാരണം നിങ്ങളായിരുന്നു. നിങ്ങളോടൊപ്പം ഒരു സിനിമ ചെയ്യുക എന്നത് ഞാൻ ഇപ്പോഴും മുറുകെപ്പിടിക്കുന്ന ഒരു സ്വപ്നമാണ്.
നിങ്ങളുടെ അസാധാരണമായ പ്രകടനങ്ങൾ കൊണ്ട് ഞങ്ങളെ അത്ഭുതപ്പെടുത്തുന്നത് തുടർന്നുകൊണ്ടേയിരിക്കൂ. എപ്പോഴും ഞങ്ങൾക്ക് ഒരു പ്രചോദനമായിരിക്കുക. ജന്മദിനാശംസകൾ മമ്മൂക്കാ…നിവിൻ പോളി കുറിച്ചു.