Banner Ads

പ്രിയദർശിനി ഉദ്ഘാടനത്തിനിടെ നാടകീയ രംഗങ്ങൾ; മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂടുപായസം വീണു

കൊല്ലം : സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ കൊല്ലം ജില്ലാതല ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂടുപായസം വീണു. സൗജന്യ യാത്ര ആരംഭിച്ചതിന്റെ സന്തോഷത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിതരണം ചെയ്ത പായസമാണ് മന്ത്രിയുടെ തലയിൽ വീണത്.

അതേസമയം, പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ ഒമ്പത് മണിക്ക് തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ മുഖ്യമന്ത്രി വിഡി സതീശൻ നിർവഹിച്ചു. ഇത് സർക്കാരിന്റെ അഭിമാന നിമിഷമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

അധികാരത്തിലെത്തി ഒരു മാസം തികയും മുൻപേ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിക്കാൻ കഴിഞ്ഞു. സൗജന്യ യാത്ര സ്ത്രീകൾക്ക് നൽകുന്ന ഔദാര്യമല്ല. സാമൂഹിക-സാമ്പത്തിക പ്രതിഫലനം ഉണ്ടാക്കുന്ന പദ്ധതിയാണ്. സ്ത്രീകൾക്ക് അഭിമാനത്തോടെ ഞങ്ങളുടെ സർക്കാരിന്റെ വണ്ടി എന്ന് പറഞ്ഞ് ഇതിൽ യാത്ര ചെയ്യാം.

യാത്രയിലൂടെ മിച്ചം കിട്ടുന്ന തുക എന്ത് ചെയ്യണമെന്ന് ഒരു സ്ത്രീ എന്നോട് ചോദിച്ചിരുന്നു. അത് ഏതെങ്കിലും ചിട്ടിയിൽ ചേർക്കാൻ ഞാൻ അവർക്ക് ഉപദേശം നൽകി. ഈ പദ്ധതി കെഎസ്ആർടിസിയെ കൂടുതൽ സാമ്പത്തിക ബാധ്യതയിലേക്ക് തള്ളിവിടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.