തിരുവനന്തപുരം: റേഷൻ കടകളിൽ ‘വാതിൽപടി’ വിതരണം നടത്തുന്ന ഗതാഗത കരാറുകാരുടെ സമരം അവസാനിച്ചു. 2 മാസത്തെ ബിൽ കുടിശികയായ 40 കോടിയിൽപരം രൂപ ബാങ്ക് അക്കൗണ്ടുകളിലൂടെ സപ്ലൈകോ കൈമാറിയതിനു ശേഷമാണു സമരം അവസാനിപ്പിച്ചത്.
റേഷൻ കടകളിൽ സാധനങ്ങളുടെ വിതരണം ഇന്നുമതുൽ പുനരാരംഭിക്കും. ബിൽ കുടിശിക നൽകാത്തതിനാൽ ഈമാസം 9 മുതലാണ് കരറാുകാർ സമരം ആരംഭിച്ചത്. ബിൽ കുടിശിക നൽകാനായി ഭക്ഷ്യപൊതുവിതരണ വകുപ്പിനു സർക്കാർ 50 കോടി രൂപ ഏതാനും ദിവസം മുൻപ് അനുവദിച്ചെങ്കിലും ട്രഷറി നിയന്ത്രണങ്ങൾ മൂലം നൽകാനായില്ല.ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ ബിൽ കുടിശികയാണു ഇപ്പോൾ നൽകിയിരിക്കുന്നത്.
ഏപ്രിലിലെ പണവും കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള ബിൽ കുടിശികയിൽ ഓഡിറ്റ് ചെയ്ത ശേഷം ബാക്കി നൽകാനുള്ള തുകയും പിന്നീട് അനുവദിക്കും. സമരം മൂലം റേഷൻ വിതരണ രംഗത്തു പ്രതിസന്ധി ഇല്ലെന്നും 49% കാർഡ് ഉടമകൾക്ക് ഇതുവരെ റേഷൻ നൽകിയതായും മന്ത്രി ജി.ആർ.അനിൽ വിശദീകരിച്ചു