Banner Ads

ദീപാവലി ആഘോഷം ദുരന്തമായി; എം.പി. ഫ്ലാറ്റിലെ തീപിടിത്തത്തിൽ വൻ നാശനഷ്ടം

ദില്ലി : ദില്ലിയിലെ എം.പി.മാർ താമസിക്കുന്ന ബ്രഹ്മപുത്ര അപ്പാർട്മെന്റിൽ വൻ തീപിടിത്തം. ഉച്ചയ്ക്ക് 12:30-ഓടെ ഫ്ലാറ്റിലെ ബേസ്മെന്റ് ഭാഗത്താണ് തീ പടർന്നുപിടിച്ചത്. വിവരം അറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് സംഘം തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ബേസ്മെന്റിൽ കൂട്ടിയിട്ടിരുന്ന ഫർണിച്ചറുകൾ കത്തിനശിക്കുകയും തീ മുകളിലേക്ക് പടർന്നതിനെ തുടർന്ന് രണ്ട് നിലകൾ പൂർണ്ണമായി കത്തുകയും ചെയ്തു.

സംഭവത്തിൽ ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. എല്ലാ നിലകളിലെയും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള മൂന്ന് എം.പി.മാർ ഈ അപ്പാർട്ട്മെൻ്റിലാണ് താമസിക്കുന്നത്. ജെബി മേത്തർ, ജോസ് കെ. മാണി, ഹാരിസ് ബീരാൻ എന്നിവരാണ് ഇവിടെയുള്ളത്.

താൻ നാലാം നിലയിലാണ് താമസിക്കുന്നതെന്നും അവിടെ പ്രശ്‌നങ്ങളൊന്നുമില്ലെന്നും എം.പി. ജെബി മേത്തർ മാധ്യമങ്ങളോട് പ്രതികരിച്ചു. ദീപാവലിയോട് അനുബന്ധിച്ച് കുട്ടികൾ പടക്കം പൊട്ടിച്ചതിൽ നിന്നാണ് തീ പടർന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.