കൊച്ചി: കെഎസ്ആർടിസി ബസിന് മുന്നിൽ പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ചതിൻ്റെ പേരിൽ ഡ്രൈവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച ഗതാഗത വകുപ്പിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനം. സ്ഥലംമാറ്റിയ നടപടി ചോദ്യം ചെയ്ത് ഡ്രൈവർ ജെയ്മോൻ ജോസഫ് സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമർശം. “സ്ഥലം മാറ്റാനുള്ള തീരുമാനം മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്.
കുപ്പി കണ്ടെത്തിയ സംഭവം സ്ഥലംമാറ്റം ഉൾപ്പെടെയുള്ള അച്ചടക്ക നടപടിക്ക് തക്ക കാരണം അല്ല.””കുപ്പിയിൽ വെള്ളമല്ലേ, മദ്യമൊന്നുമല്ലല്ലോ. വെള്ളക്കുപ്പി പിന്നെ എവിടെ സൂക്ഷിക്കും?”ശിക്ഷാ നടപടിയുടെ സ്വഭാവത്തിലുള്ള സ്ഥലംമാറ്റം കെഎസ്ആർടിസിയുടെ അമിതാധികാര പ്രയോഗമാണ്. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുമ്പോൾ തക്കതായ കാരണം വേണം. അച്ചടക്ക പ്രശ്‌നങ്ങൾക്കോ ഭരണപരമായ കാരണങ്ങൾക്കോ നടപടി ആവാം. എന്നാൽ, അച്ചടക്ക വിഷയം വന്നാൽ എപ്പോഴും സ്ഥലംമാറ്റമാണോ പരിഹാരം എന്നും കോടതി ചോദിച്ചു.
വൃത്തിഹീനമായ ബസുകൾ ശരിയായ തൊഴിൽ സംസ്കാരത്തിൻ്റെ അഭാവത്തെയാണ് സൂചിപ്പിക്കുന്നതെന്നും കോടതി കൂട്ടിച്ചേർത്തു.ഹർജിക്കാരനു വേണ്ടി ഹാജരായ അഭിഭാഷകൻ, ജെയ്മോൻ ജോസഫ് ഓടിക്കുന്ന പൊൻകുന്നം-തിരുവനന്തപുരം റൂട്ടിൻ്റെ ദൈർഘ്യം ഏകദേശം 8 മണിക്കൂറാണെന്ന് കോടതിയെ അറിയിച്ചു.ഈ ദീർഘയാത്രയിൽ, എഞ്ചിൻ ചൂട് പോലുള്ള സാഹചര്യങ്ങളിൽ കുടിവെള്ളം അത്യാവശ്യമാണ്.
ബസുകളിൽ കുപ്പികൾ സൂക്ഷിക്കാൻ സൗകര്യം ഒരുക്കിയിട്ടില്ലാത്തതിനാലും, എല്ലാ ഡിപ്പോകളിലും നിർത്തി യാത്രക്കാർക്ക് വെള്ളം കുടിക്കാൻ അവസരം നൽകുന്നത് യാത്രാ സമയത്തെ ബാധിക്കുമെന്നതിനാലും ക്യാബിന് സമീപം രണ്ട് വാട്ടർ ബോട്ടിലുകൾ സൂക്ഷിക്കുകയായിരുന്നു.ബസിൻ്റെ മുൻവശത്തെ ഗ്ലാസിന് സമീപം കുപ്പികൾ സൂക്ഷിക്കാൻ പാടില്ലെന്ന കെഎസ്ആർടിസി സർക്കുലർ സൂപ്പർ ഡീലക്‌സ് സർവീസുകൾക്ക് ബാധകമായതാണെന്നും ഫാസ്റ്റ് പാസഞ്ചർ ബസുകൾക്ക് ബാധകമല്ലെന്നും അഭിഭാഷകൻ വാദിച്ചു.
ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പൊതുറോഡിൽ വെച്ച് ബസ് തടഞ്ഞതും തുടർന്ന് സ്വീകരിച്ച നടപടിയും വ്യക്തിപരമായ ഇടപെടൽ മൂലമാണെന്നും മോട്ടോർ വാഹന നിയമപ്രകാരം കുറ്റകരമാണെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.ഹർജിയിൽ വിധി പറയാനായി മാറ്റി.