
തൃശൂർ : ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ 119 വർഷം പഴക്കമുള്ള ദീപസ്തംഭം സ്വർണ്ണപ്പാളികൾ മേഞ്ഞ് നവീകരിച്ച ശേഷം ഭക്തർക്കായി തുറന്നുനൽകി. കഴിഞ്ഞ ദിവസം വൈകുന്നേരം ആറരയോടെ ദേവസ്വം മന്ത്രി കെ മുരളീധരൻ ദീപസ്തംഭത്തിൽ തിരി തെളിയിച്ച് ഗുരുവായൂരപ്പന് സമർപ്പണം നടത്തി.
1907ൽ ദീപസ്തംഭം വഴിപാടായി സമർപ്പിച്ച ചേറ്റൂർ ശങ്കരൻ നായരുടെ കുടുംബത്തിലെ ഇളമുറക്കാരുടെ സാന്നിധ്യത്തിലായിരുന്നു സമർപ്പണ ചടങ്ങ്. നവീകരണ പ്രവൃത്തി വഴിപാടായി സമര്‍പ്പിച്ച ചെന്നൈ വ്യവസായി സനല്‍കുമാര്‍, നിർമ്മാണ പ്രവൃത്തികൾ നിർവഹിച്ച നടവരമ്പ് ഉണ്ണിക്കൃഷ്ണൻ മേനോൻ, മറ്റ് ജീവനക്കാർ എന്നിവർക്ക് ദേവസ്വത്തിന്റെ ഉപഹാരം മന്ത്രി കെ മുരളീധരൻ സമ്മാനിച്ചു.
ദേവസ്വം ചെയർമാൻ എവി ഗോപിനാഥ്, ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി മനോജ്, മനോജ് ബി നായർ, എം യു ഷിനിജ, ചീഫ് എഞ്ചിനീയർ എം വി രാജൻ ഭക്തര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.