Banner Ads

കൊലവിളി പ്രസംഗം: സിപിഎം നേതാവ് ടി ഐ മധുസൂദനനെതിരെ കേസ്; മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി ഡിവൈഎഫ്ഐ

കണ്ണൂർ : കൊലവിളി പ്രസംഗം നടത്തിയെന്ന പരാതിയിൽ സിപിഎം നേതാവും മുൻ എംഎൽഎയുമായ ടി ഐ മധുസൂദനനെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു. കലാപാഹ്വാനം, ക്രിമിനൽ ഭീഷണി, പ്രകോപനമുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് നടപടി.

കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പയ്യന്നൂരിൽ കൊല്ലപ്പെട്ട കെഎസ്‌യു പ്രവർത്തകൻ സജിത് ലാലിന്റെ സഹോദരൻ അജിത് ലാലും മധുസൂദനനെതിരെ പരാതി നൽകിയിരുന്നു. അതേസമയം, മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസംഗത്തിനെതിരെ ഡിവൈഎഫ്ഐ പൊലീസിൽ പരാതി നൽകി.

യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ചോരയിൽ നിന്നാണ് ഈ സർക്കാർ പിറന്നതെന്നും ആ ചോരയ്ക്ക് പകരം ചോദിക്കുമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസംഗം പ്രകോപനപരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സലാണ് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.