
കാസർഗോഡ്:നെഹ്‌റു കോളജിലെ ചരിത്ര വിഭാഗം അദ്ധ്യാപികയായ ഷറഫുന്നിസ ഓടിച്ച സ്കൂട്ടറിൽ നിന്നാണ് ഓടിക്കൊണ്ടിരിക്കെ വിഷപ്പാമ്പ് തലപൊക്കിയത്. തൈക്കടപ്പുറത്തെ വീട്ടിൽ നിന്ന് കോളേജിലേക്ക് പോകുന്നതിനിടെയാണ് ഞെട്ടിക്കുന്ന സംഭവം.ബ്രേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടറിന്റെ വലത് ഭാഗത്തെ ബ്രേക്കിന്റെ ഇടയിലൂടെയാണ് പാമ്പ് പുറത്തേക്ക് വന്നത്.
ഇത് കണ്ട് ഒരു നിമിഷം പകച്ചുപോയെങ്കിലും, ഷറഫുന്നിസ മനസാന്നിധ്യം വീണ്ടെടുത്തു.വലത് ബ്രേക്ക് പിടിച്ചാൽ പാമ്പിന് പരിക്കേൽക്കുകയും അത് തിരിഞ്ഞു കടിക്കാൻ സാധ്യതയുണ്ടെന്നും മനസ്സിലാക്കിയ അവർ, ഇടത് ബ്രേക്ക് മാത്രം ഉപയോഗിച്ച് വാഹനം സുരക്ഷിതമായി റോഡിന് സമീപം ഒതുക്കി നിർത്തി. അതീവ സാഹസികമായ ഈ നീക്കമാണ് ജീവൻ രക്ഷിച്ചത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മെക്കാനിക്ക് എത്തി സ്കൂട്ടറിന്റെ ബോഡി മാറ്റിയാണ് അകത്ത് ഒളിച്ചിരുന്ന വലിയ വിഷപ്പാമ്പിനെ കണ്ടെത്തിയത്. സ്കൂട്ടറിന്റെ മുൻഭാഗത്തെ വിടവിലൂടെയാവാം പാമ്പ് ഉള്ളിൽ കടന്നതെന്നാണ് പ്രാഥമിക നിഗമനം.