
കൊച്ചി : എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെടാനൊരുങ്ങിയ വന്ദേഭാരത് എക്സ്പ്രസിലെ സീറ്റിൽ ചത്ത പാമ്പിനെ കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ വണ്ടി പുറപ്പെടുന്നതിന് തൊട്ടുമുൻപാണ് സി-6 കോച്ചിൽ അണലി പാമ്പിനെ കണ്ടത്.
എറണാകുളത്തെ ഇൻഷുറൻസ് കമ്പനി ജീവനക്കാരനായ വിനു വർഗീസും കുടുംബവുമാണ് സീറ്റിനരികിൽ പാമ്പിനെ കണ്ടത്. ആദ്യം ഭയന്നെങ്കിലും പിന്നീട് പാമ്പ് ചത്തതാണെന്ന് മനസ്സിലായി. ഭാരമേറിയ എന്തോ വച്ച് അമർന്നതാകാം പാമ്പ് ചത്തതിന് കാരണമെന്ന് വിനു പറഞ്ഞു.
തുടർന്ന് റെയിൽ മദദ് പോർട്ടൽ വഴി പരാതി നൽകിയതിനെ തുടർന്ന് ശുചീകരണത്തൊഴിലാളികളെത്തി പാമ്പിനെ നീക്കം ചെയ്ത ശേഷമാണ് യാത്ര തുടർന്നത്. ഉയർന്ന ടിക്കറ്റ് നിരക്ക് നൽകി യാത്ര ചെയ്യുമ്പോൾ ഇത്തരമൊരു അനുഭവം ഉണ്ടായത് സുരക്ഷാവീഴ്ചയാണെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടി.
അതേസമയം ബെംഗളൂരുവിൽ നിന്നെത്തിയ ട്രെയിൻ കൃത്യമായി ശുചീകരിച്ച ശേഷമാണ് സർവീസിന് തയ്യാറാക്കിയതെന്നാണ് റെയിൽവേയുടെ വിശദീകരണം. ശുചീകരണ സമയത്ത് പാമ്പിനെ കണ്ടിരുന്നില്ലെന്ന് ജീവനക്കാർ മൊഴി നൽകിയത് സംഭവത്തിൽ ദുരൂഹതയുണർത്തുന്നുണ്ട്.
പാമ്പ് എങ്ങനെ കോച്ചിനുള്ളിൽ എത്തിപ്പെട്ടുവെന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.