ചാരുംമൂട്: പട്ടാപ്പകൽ വീടു കുത്തിത്തുറന്ന് മോഷണം കവർച്ച നടത്തിയ കേമ്പിൽ കുപ്രസിദ്ധ ലഹരിക്കടത്തുകാരനും മോഷ്ടാവും അറസ്റ്റിൽ. ചാരുംമൂടിന് സമീപം താമസക്കാരനായ ലഹരിക്കടത്തുകാരൻ നൂറനാട് പുതുപ്പളളിക്കുന്നം മുറിയിൽ ഖാൻ മൻസിൽ വീട്ടിൽ ഷൈജുഖാൻ എന്ന പി.കെ. ഖാൻ (42), നിരവധി മോഷണ കേസുകളിൽ ഉൾപ്പെട്ട അമ്ബലപ്പുഴ വളഞ്ഞവഴി മുറിയിൽ പൊക്കത്തിൽ വീട്ടിൽ പൊടിച്ചൻ എന്ന പൊടിമോൻ (27) എന്നിവരെയാണ് നൂറനാട് പൊലീസ് പിടികൂടിയത്.
കഴിഞ്ഞ മാസം 24 നാണ് ചാരുംമൂട് ടൗണിനു സമീപം മുറുക്കാൻ കട നടത്തുന്ന താമരക്കുളം വേടരപ്ലാവ് സന്ധാഭവനം സതിയമ്മയുടെ വീട് കുത്തിത്തുറന്ന് ഒരു പവൻ സ്വർണവളയും 52000 രൂപയുമാണ് കവർന്നത്.ചാരുംമൂട് ജങ്ഷനിൽ മുറുക്കാൻ കട നടത്തുന്ന സതിയമ്മ കടയിലേക്ക് പോയ സമയത്തണ്കവർച്ച.
നൂറനാട് പൊലീസും വിരലടയാള വിദഗ്ദരുമെത്തി പരിശോധന നടത്തിയിരുന്നു. ജില്ല പോലീസ് മേധാവി എം.പി മോഹനചന്ദ്രന്റെ നിർദ്ദേശ പ്രകാരം ചെങ്ങന്നൂർ ഡിവൈ.എസ്.പി എം.കെ ബിന്ദുകുമാറിന്റെ മേൽ നോട്ടത്തിൽ പ്രത്യേക സംഘമായിരുന്നു അന്വേഷണം.
നൂറനാട് എസ്.എച്ച്.ഒ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. വ്യാഴാഴ്ച വൈകിട്ട് ഓച്ചിറക്ക് സമീപം ദേശീയ പാതയിൽ വച്ച് പിക്കപ്പ് വാൻ ഓടിച്ചു വരികയായിരുന്ന ഷൈജു ഖാനെ അന്വേഷണ സംഘം വാഹനം തടഞ്ഞ് പിടികൂടി. തുടർന്ന് പൊടിമോനെ പുതുപ്പള്ളി ഭാഗത്തു വച്ചും കസ്റ്റഡിയിൽ എടുത്തു.
സബ് ഇൻസ്പെക്ടർ എസ്.മിഥുൻ. എ.എസ്.ഐ സിനു വർഗീസ്. സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ജി ഉണ്ണികൃഷ്ണപിളള, മുഹമ്മദ് ഷെഫീഖ്, അരുൺ ഭാസ്കർ, വിഷ്ണു വിജയൻ കലേഷ് കെ. അൻഷാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.