
സംസ്ഥാനത്ത് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും, ആഭിചാരവും മന്ത്രവാദവും എന്നിവ തടയാൻ നിയമനിർമ്മാണം ആവശ്യമില്ലെന്ന് കേരള സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ഇത് സംബന്ധിച്ച് നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് സർക്കാരിന്റെ ഈ നിലപാട്.ഇത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
2019-ൽ ജസ്റ്റിസ് കെ.ടി. തോമസ് കമ്മിഷൻ സമാനമായ നിയമം കൊണ്ടുവരണമെന്ന് ശുപാർശ ചെയ്തിരുന്നുവെങ്കിലും, ആ നിർദ്ദേശവും നടപ്പാക്കില്ലെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട് .അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിരോധിക്കുന്നതിനായി നിയമം നിർമ്മിക്കണമെന്ന ഹർജികൾ പരിഗണിക്കവേയാണ് സർക്കാർ ഹൈക്കോടതിയിൽ ഈ സത്യവാങ്മൂലം സമർപ്പിച്ചത്.
മന്ത്രിസഭായോഗം ചേർന്നാണ് നിയമനിർമ്മാണം വേണ്ടെന്ന തീരുമാനമെടുത്തതെന്നും സർക്കാർ കോടതിയെ അറിയിച്ചു.മന്ത്രവാദം, ആഭിചാരം, കൂടോത്രം തുടങ്ങിയവയുമായി ബന്ധപ്പെട്ട് സമീപകാലത്ത് കേരളത്തിൽ നടന്ന ചില ദാരുണമായ സംഭവങ്ങൾ വലിയ വാർത്തയായിരുന്നു. മനുഷ്യബലി ഉൾപ്പെടെയുള്ള ക്രൂരതകൾ ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങളുടെ പേരിൽ നടന്നു. ഈ പശ്ചാത്തലത്തിലാണ് ഇത്തരം പ്രവണതകളെ തടയാൻ ശക്തമായ നിയമനിർമ്മാണം ആവശ്യമാണെന്ന് പൊതുസമൂഹത്തിൽ നിന്ന് ആവശ്യം ഉയർന്നുവന്നത്.
ഹൈക്കോടതിയുടെ അതൃപ്തിയും തുടർനടപടികളുംസർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. ഇത്തരം വിഷയങ്ങളിൽ സർക്കാർ കൂടുതൽ ഗൗരവമായ സമീപനം സ്വീകരിക്കണമെന്ന് കോടതി സൂചിപ്പിച്ചു. തുടർന്ന്, ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറി നേരിട്ട് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. മൂന്നാഴ്ചയ്ക്കുള്ളിൽ ഈ സത്യവാങ്മൂലം സമർപ്പിക്കാനാണ് സർക്കാരിന് ലഭിച്ച നിർദ്ദേശം.