
ബെംഗളൂരു : ബെംഗളൂരുവിലെ ആടുഗോഡി എംആർ നഗറിൽ ഭിന്നശേഷിക്കാരിയായ യുവതിക്ക് നേരെ ക്രൂര ബലാത്സംഗം. സംഭവത്തിൽ അസം സ്വദേശിയായ വിഘ്‌നേഷ് എന്ന യുവാവ് പിടിയിലായി. സംസാരശേഷിയും ചലനശേഷിയുമില്ലാത്ത യുവതിയാണ് ആക്രമിക്കപ്പെട്ടത്.
നവംബർ 9 ന് യുവതിയുടെ വീട്ടിലുള്ളവർ ഒരു വിവാഹ ചടങ്ങിനായി പുറത്തുപോയ സമയത്താണ് അതിക്രമം നടന്നത്. വീടിന്റെ വാതിൽ പുറത്ത് നിന്ന് അടച്ചതിന് ശേഷമാണ് പോയത്. ഈ സമയത്ത് വീട്ടിൽ ആരും ഇല്ല എന്ന് മനസ്സിലാക്കിയ വിഘ്നേഷ് വാതിൽ തള്ളിത്തുറന്ന് അകത്ത് കയറുകയും യുവതിക്ക് നേരെ അതിക്രമം നടത്തുകയുമായിരുന്നു.
വിവാഹച്ചടങ്ങ് കഴിഞ്ഞ് തിരിച്ചെത്തിയ വീട്ടുകാർ വാതിൽ അകത്ത് നിന്ന് പൂട്ടിയിരിക്കുന്നത് കണ്ട് നാട്ടുകാരുടെ സഹായത്തോടെ വാതിൽ തല്ലിപ്പൊളിച്ചു. തുടർന്ന് വീടിനുള്ളിൽ നിന്നും പിടികൂടിയ പ്രതിയെ നാട്ടുകാർ നടുറോഡിലിട്ട് ക്രൂരമായി മർദ്ദിച്ചു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുക്കുകയും വിഘ്‌നേഷിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.