
കണ്ണൂര്‍ : നിയമസഭാ വോട്ടെണ്ണൽ പുരോഗമിക്കവെ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത് അപ്രതീക്ഷിത പോരാട്ടം. ഏഴ് റൗണ്ട് വോട്ടുകൾ എണ്ണിത്തീരുമ്പോൾ വെറും 1536 വോട്ടിന്റെ നേരിയ ലീഡ് മാത്രമാണ് മുഖ്യമന്ത്രിക്ക് നിലനിർത്താനായത്. എൽഡിഎഫിന്റെ ഉറച്ച കോട്ടകളിൽ പോലും യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുൾ റഷീദ് മികച്ച മുന്നേറ്റം കാഴ്ചവെക്കുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിക്കുകയാണ്.
ആദ്യ റൗണ്ട് മുതൽ തന്നെ മുഖ്യമന്ത്രിയെ വിറപ്പിച്ചുകൊണ്ടായിരുന്നു അബ്ദുൾ റഷീദിന്റെ മുന്നേറ്റം. ഇടതുപക്ഷം ഭരിക്കുന്ന ചെമ്പിലോട് പഞ്ചായത്തിലെ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ പിണറായി വിജയൻ പിന്നിലായ കാഴ്ചയാണ് കണ്ടത്. മുൻ തിരഞ്ഞെടുപ്പുകളിൽ പിണറായി വലിയ ലീഡ് നേടിയ പല ബൂത്തുകളിലും ഇത്തവണ യുഡിഎഫ് മുന്നിലെത്തി. മുഖ്യമന്ത്രിയുടെ വീടിരിക്കുന്ന പിണറായി പഞ്ചായത്തിൽ പോലും അദ്ദേഹത്തിന് ലീഡ് നേടാനായിട്ടില്ലെന്ന് അബ്ദുൾ റഷീദ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ജനങ്ങളോട് ഞാൻ പറഞ്ഞത് രണ്ട് കാര്യങ്ങളാണ്. നിങ്ങളോട് കടക്ക് പുറത്ത് എന്ന് ഞാൻ പറയില്ല. ചോദ്യം ചോദിച്ചാൽ വീട്ടിൽ പോയി ചോദിക്കാൻ മറുപടി നൽകുകയുമില്ല. നിങ്ങളുടെ വീട്ടിൽ വന്ന് ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ബാധ്യസ്ഥനായ ഒരു ജനപ്രതിനിധിയായി കൂടെ നിൽക്കുമെന്ന് അബ്ദുൽ റഷീദ് പറഞ്ഞു. 2011 ലും 2016 ലും മമ്പറം ദിവാകരനും 2021 ൽ സി രഘുനാഥുമായിരുന്നു ധർമ്മടത്തെ കോൺഗ്രസ് സ്ഥാനാർത്ഥികൾ.