Banner Ads

സിപിഎം നിലപാട് മയപ്പെടുത്തി: പിഎം ശ്രീ പദ്ധതി പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്താസമ്മേളനത്തിൽ പിഎം ശ്രീ പദ്ധതി പുനഃപരിശോധിക്കുമെന്നും ക്ഷേമപെൻഷൻ വർദ്ധിപ്പിച്ചതുൾപ്പെടെയുള്ള സുപ്രധാന സാമൂഹ്യക്ഷേമ പദ്ധതികളും പ്രഖ്യാപിച്ചു.പദ്ധതി പുനഃപരിശോധിക്കുമെന്നും, റിപ്പോർട്ട് വരുന്നതുവരെ പദ്ധതി മരവിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.പദ്ധതിയുടെ വിശദാംശങ്ങൾ പരിശോധിക്കുന്നതിനായി ഏഴംഗ മന്ത്രിസഭാ ഉപസമിതിയെ നിയമിക്കും.

പദ്ധതി മരവിപ്പിച്ച വിവരം കേന്ദ്രത്തെ ഔദ്യോഗികമായി അറിയിക്കുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്.ഐ.ആർ.) തിടുക്കപ്പെട്ട് നടപ്പാക്കുന്നതിലുള്ള ആശങ്കയും മുഖ്യമന്ത്രി അറിയിച്ചു.നിലവിലുണ്ടായിരുന്ന ക്ഷേമ പെൻഷൻ 1600 രൂപയിൽ നിന്ന് 2000 രൂപയായി ഉയർത്തി.

സ്ത്രീ സുരക്ഷയ്ക്കായി പുതിയ പദ്ധതി നടപ്പാക്കും. നിലവിൽ മറ്റ് സഹായങ്ങൾ ലഭിക്കാത്ത, പ്രതിവർഷം ഒരു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള ട്രാൻസ് സ്ത്രീകൾ അടക്കമുള്ള പാവപ്പെട്ട സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ വീതം സഹായം (സ്ത്രീ സുരക്ഷാ പെൻഷൻ) നൽകും.