
ഹരിപ്പാട്: വസ്തു വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് 22 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കോടതി ജീവനക്കാരൻ അറസ്റ്റിൽ. ചെങ്ങന്നൂർ പോക്സോ കോടതിയിലെ ബെഞ്ച് ക്ലർക്കായ ആലപ്പുഴ കുമാരപുരം സ്വദേശി രാജീവ് എസ് നായർ (44) ആണ് ഹരിപ്പാട് പോലീസിന്റെ പിടിയിലായത്.
പരാതിക്കാരിയുടെ സഹോദരൻ പ്രതിയുടെ വീട്ടിലെ ഡ്രൈവറായി ജോലി ചെയ്തിരുന്ന പരിചയം ഉപയോഗിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. വീട് വെക്കാൻ സ്ഥലം അന്വേഷിക്കുകയായിരുന്ന കുമാരപുരം സ്വദേശിനി ഗോപിക എന്ന സ്ത്രീയെയാണ് ഇയാൾ കബളിപ്പിച്ചത്.
മാവേലിക്കര കുടുംബ കോടതിക്ക് സമീപം ബാങ്ക് ജപ്തി ചെയ്ത 56 സെന്റ് സ്ഥലം വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് പല തവണകളായി പണമായും ഗൂഗിൾ പേ വഴിയായും 22 ലക്ഷം രൂപ രാജീവ് കൈക്കലാക്കി. തുക വാങ്ങിയ ശേഷം സ്ഥലം കോടതി സീൽ ചെയ്തിരിക്കുകയാണെന്നും ബാധ്യത തീർക്കാൻ ഉദ്യോഗസ്ഥർക്ക് നൽകാനെന്നും പറഞ്ഞ് വീണ്ടും പണം വാങ്ങി.
വാഗ്ദാനം ചെയ്ത വസ്തു ലഭിക്കാതെ വന്നതോടെ ഗോപിക ഹരിപ്പാട് പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ വിൽക്കാൻ ശ്രമിച്ച സ്ഥലം കൊല്ലത്തുള്ള മറ്റൊരാളുടെ പേരിലുള്ളതാണെന്ന് കണ്ടെത്തുകയും ഒളിവിൽപോയ പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇൻസ്പെക്ടർ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.