മൂവാറ്റുപുഴ: ഈസ്റ്റ് മാറാടിയിൽപാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു. ഞായറാഴ്ച്ച രാവിലെ 9.30ഓടെയാണ് അപകടം.ഈസ്റ്റ് മാറാടി വണ്ടനാമറ്റം എം.സി. ജോസഫിന്റെ വീട്ടിലെ അടുക്കളയിലിരുന്ന സിലിണ്ടറാണ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത്.
ഈ സമയം വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ അപകടമാണ് മാറിപോയത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ സിലിണ്ടർ വീടിന് പുറത്തേക്ക് പതിച്ചു. സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് വീടിന്റെ ഓട് മേഞ്ഞ മേൽക്കൂര പൂർണമായും തകർന്നു.
വീടിന്റെ ചുമരുകൾക്കും കേടുപാടുണ്ട്. മേൽക്കൂരയുടെ ഓടുകൾ ചിതറി തെറിച്ച് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനും കേടുപാടുകൾ സംഭവിച്ചു. മൂവാറ്റുപുഴ ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. 1.50 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി ഫയർഫോഴ്സ് അധികൃതർ പറഞ്ഞു.