Banner Ads

മന്ത്രി ഗണേഷ്കുമാർ ഉപയോഗിച്ചിരുന്ന കാർ വിവാദത്തിൽ; രേഖകളിൽ കൃത്രിമം നടന്നതായി കണ്ടെത്തൽ.

തിരുവനന്തപുരം: മന്ത്രി കെ.ബി.ഗണേഷ്കുമാർ ഒരു മാസം മുൻപ് വരെ ഉപയോഗിച്ചിരുന്ന മിനി കൂപ്പർ കാറിന്റെ ഉടമസ്ഥാവകാശ രേഖയിൽ കൃത്രിമം നടന്നതായി കണ്ടെത്തി. മഹാരാഷ്ട്രയിലും പിന്നീട് പുതുച്ചേരിയിലും രജിസ്റ്റർ ചെയ്ത ഈ ആഡംബര കാർ 2018 ജനുവരി 22-നാണ് പുനലൂർ ആർടി ഓഫീസിൽ നിന്ന് കേരളത്തിൽ രജിസ്റ്റർ ചെയ്തത്.

പുതുച്ചേരിയിൽ രണ്ടാം ഉടമയായിരുന്ന മന്ത്രിയുടെ ഭാര്യ ബിന്ദു, കേരളത്തിൽ വാഹനം രജിസ്റ്റർ ചെയ്തപ്പോൾ രേഖകളിൽ ആദ്യ ഉടമയായി മാറി.പുതിയ രജിസ്ട്രേഷൻ ‘അന്യസംസ്ഥാനത്തുനിന്നുള്ള രജിസ്ട്രേഷൻ’ എന്നതിനു പകരം ‘ടൈപ്പ് ന്യൂ’ എന്ന് രേഖപ്പെടുത്തി.ഇന്ത്യൻ വാഹന നിയമം അനുസരിച്ച്, ഒരു വാഹനം രജിസ്റ്റർ ചെയ്യുമ്പോൾ ഉടമസ്ഥാവകാശ രേഖകളിലെ ക്രമം അതേപടി നിലനിർത്തേണ്ടതുണ്ട്.

2012-ൽ നിർമ്മിച്ച ഈ കാർ 2013-ൽ മഹാരാഷ്ട്രയിലെ നാഗ്പൂരിൽ എംഎച്ച് 40 എസി 6666 എന്ന നമ്പറിൽ ആദ്യ ഉടമയുടെ പേരിൽ രജിസ്റ്റർ ചെയ്തു.2017-ൽ പുതുച്ചേരിയിലെ കാർ പാലസ് എന്ന സ്ഥാപനം വഴിയാണ് മന്ത്രിയുടെ ഭാര്യയുടെ പേരിലേക്ക് പി വൈ സിക്യു 0012 എന്ന നമ്പറിൽ ഉടമസ്ഥാവകാശം മാറിയത്.

വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിൽ, ഗതാഗത കമ്മീഷണറേറ്റ് വാഹനം ആദ്യ ഉടമയുടെ പേരിലാണെന്ന് രേഖപ്പെടുത്തിയത് ‘ഓണർഷിപ്പ് സീരിയൽ നമ്പർ 1’ എന്ന് രേഖപ്പെടുത്തിയതു കൊണ്ടാണ് എന്ന് അറിയിച്ചു.മന്ത്രി ഗണേഷ് കുമാറിൽ നിന്ന് ഇക്കാര്യത്തിൽ പ്രതികരണം തേടാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തെ ഫോണിൽ ലഭ്യമായില്ല. ഈ മാസം വാഹനം വിറ്റതായും വിവരമുണ്ട്.