Banner Ads

ഓണാഘോഷത്തിന് പിന്നാലെ വിവാദം: പൂക്കളത്തിലെ പേരെഴുതിയവർക്കെതിരെ കേസെടുത്ത് പോലീസ്.

കൊല്ലം: ശാസ്താംകോട്ട മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിന് മുന്നിൽ ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ പൂക്കളത്തിലെ ‘ഓപ്പറേഷൻ സിന്ദൂർ’ എന്നെഴുതിയതുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തു. കലാപശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

പൂക്കളത്തിൽ എഴുതിയത് മായ്ക്കാൻ ക്ഷേത്ര കമ്മിറ്റിയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ഇത് മായ്ക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇടപെട്ടു. ‘ഓപ്പറേഷൻ സിന്ദൂർ’ മാറ്റണമെന്ന് പോലീസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

മുൻ സൈനികനായ ശരത്തിനെ ഒന്നാം പ്രതിയാക്കിയും നിലവിൽ സൈനികനായ അശോകനെ രണ്ടാം പ്രതിയാക്കിയുമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൂടാതെ, കണ്ടാലറിയാവുന്ന 25 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ക്ഷേത്രമുറ്റത്ത് ഛത്രപതി ശിവജിയുടെ ചിത്രമുള്ള ഫ്ലെക്സ് വെച്ചതും എഫ്ഐആറിൽ പരാമർശിക്കുന്നുണ്ട്.

സംഘർഷം ഒഴിവാക്കാൻ വേണ്ടിയാണ് പോലീസ് ഇടപെട്ടതെന്ന് ഒരു വിഭാഗം പറയുമ്പോൾ, പൂക്കളത്തിൽ പേരെഴുതിയതിന് കേസെടുത്തത് ശരിയായില്ലെന്ന് ചിലർ ആരോപിക്കുന്നു.