
പാലക്കാട്:തൃത്താല പടിഞ്ഞാറങ്ങാടി ടൗണിൽ കണ്ടെയ്നർ ലോറി മറിഞ്ഞു. പറക്കുളം ഭാഗത്ത് നിന്നും വന്ന കണ്ടെയ്നർ ലോറിയാണ് മറിഞ്ഞത്. തൃത്താല ഭാഗത്ത് നിന്ന് എടപ്പാൾ ഭാഗത്തേക്ക് പോകുകയായിരുന്ന സിമന്റ് കൊണ്ടുപോകുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഡ്രൈവറെ പടിഞ്ഞാറങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എടപ്പാളിലെ ആശുപത്രിയിലേക്കും മാറ്റി.
ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. മുൻ ഭാഗത്തെ ചില്ല് പൊട്ടിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം. സംഭവ സമയം സമീപത്ത് മറ്റ് വാഹനങ്ങൾ ഇല്ലാതിരുന്നത് അപകടത്തിന്റെ ആഘാതം കുറച്ചു. പറക്കുളത്തെ കമ്പനിയിൽ നിന്ന് ടൈൽ പൗഡർ കയറ്റി വരികയായിരുന്ന കണ്ടെയ്നർ നിയന്ത്രണം വിട്ടാണ് ലോറിയിൽ ഇടിച്ചത് എന്നാണ് പ്രാഥമിക നിഗമനം. തൃത്താല പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.