
കൊച്ചി: പനങ്ങാട് കിടപ്പുരോഗിയായ വയോധികയുടെ മാല കവർന്ന സംഭവത്തിൽ നാടകീയമായ ശുഭപര്യവസായം. പനങ്ങാട് ഒല്ലാരിൽ റോഡ് വെളിപ്പറമ്പിൽ രാധയുടെ (75) ഒന്നര പവന്റെ സ്വർണ്ണമാലയാണ് മനസ്സ് മാറിയ മോഷ്ടാവ് വീട്ടുപടിക്കൽ തിരികെ വെച്ചത്.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ ഹെൽമറ്റ് ധരിച്ചെത്തിയ ആൾ രാധയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിച്ചെടുക്കുകയായിരുന്നു. വീട്ടുകാർ പോലീസിൽ പരാതി നൽകി അന്വേഷണം പുരോഗമിക്കവെയാണ് അപ്രതീക്ഷിത ട്വിസ്റ്റ് ഉണ്ടാകുന്നത്.
വിഷു ദിനത്തിൽ രാവിലെ വീടിന് മുന്നിൽ ഒരു കടലാസ് പൊതി കണ്ടെത്തുകയായിരുന്നു. തുറന്നു പരിശോധിച്ചപ്പോൾ മോഷണം പോയ മാല തന്നെയാണെന്ന് വ്യക്തമായി. നഷ്ടപ്പെട്ട സ്വർണം പവിത്രമായ വിഷു ദിനത്തിൽ തന്നെ തിരികെ ലഭിച്ചതിന്റെ ആശ്വാസത്തിലാണ് ഈ കുടുംബം.