
കാസർകോട്:വൈദ്യുതി ബിൽ അടയ്ക്കാത്തതിനെ തുടർന്ന് വീട്ടിലെ കണക്ഷൻ കെഎസ്ഇബി വിച്ഛേദിച്ചതിൽ ക്ഷുഭിതനായ ഒരു യുവാവ് പ്രതികാര നടപടി എന്ന നിലയിൽ 24 ട്രാൻസ്ഫോർമറുകളിലെ ഫ്യൂസുകൾ ഊരിമാറ്റി. ഇതിന്റെ ഫലമായി കാസർകോട് നഗരത്തിലും സമീപ പ്രദേശങ്ങളിലും ഇന്നലെ രാത്രി ഏകദേശം രണ്ട് മണിക്കൂറോളം വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
കെഎസ്ഇബി ഉദ്യോഗസ്ഥർ നൽകിയ പരാതിയെത്തുടർന്ന് ചൂരി സ്വദേശി മുഹമ്മദ് മുനവ്വറിനെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.നെല്ലിക്കുന്ന്, കാസർകോട് സെക്ഷനുകൾക്ക് കീഴിലുള്ള 24 ട്രാൻസ്ഫോർമറുകളിലെ ഫ്യൂസുകളാണ് ഇയാൾ തകർത്തത്. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ എണ്ണായിരത്തിലധികം ഉപയോക്താക്കളെയാണ് വൈദ്യുതി മുടങ്ങിയത് ബാധിച്ചത്.
കുഡ്‌ലു ചൂരി കാള്യയങ്കോട് സ്വദേശിയായ മുഹമ്മദ് മുനവ്വറിന്റെ വീട്ടിൽ 22,000 രൂപയുടെ വൈദ്യുതി ബില്ലാണ് കുടിശ്ശികയായി വന്നത്. ബിൽ അടയ്ക്കാനുള്ള അവസാന തീയതി കഴിഞ്ഞിട്ടും പണം അടയ്ക്കാതിരുന്നതോടെ കെഎസ്ഇബി ജീവനക്കാർ തൂണിൽ നിന്ന് യുവാവിന്റെ വീട്ടിലേക്കുള്ള കണക്ഷൻ വിച്ഛേദിച്ചു. തുടർന്ന് നെല്ലിക്കുന്ന് സെക്‌ഷൻ ഓഫീസിലെത്തിയ ഇയാൾ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ബഹളമുണ്ടാക്കുകയും ചെയ്ത ശേഷം ഇറങ്ങിപ്പോവുകയായിരുന്നു.
ഇതിനുപിന്നാലെയാണ് പലയിടത്തുനിന്നും വൈദ്യുതി മുടങ്ങിയതായുള്ള പരാതികൾ പ്രവഹിക്കാൻ തുടങ്ങിയത്.കാസർകോട് ടൗൺ, നെല്ലിക്കുന്ന് സെക്‌ഷൻ പരിധിയിലുള്ള തളങ്കര ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ 24 ട്രാൻസ്‌ഫോമറുകളിലെ ഫ്യൂസുകളാണ് യുവാവ് നശിപ്പിച്ചത്. ഒരു ട്രാൻസ്‌ഫോമറിൽ ഒൻപതിലേറെ ഫ്യൂസുകൾ ഉണ്ടായിരുന്നു. കെഎസ്ഇബി അധികൃതർ ടൗൺ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് യുവാവിനെ പിടികൂടി. പൊതുമുതൽ നശിപ്പിച്ചതിനും പൊതു സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കിയതിനും ഇയാൾക്കെതിരെ കേസെടുത്തു