
കാഞ്ഞങ്ങാട്: പടന്നക്കാട് ഒരു യുവതിയും യുവാവും തമ്മിലുള്ള പ്രണയത്തെച്ചൊല്ലി ആശുപത്രിയിൽ സംഘർഷം. മർദനത്തിൽ പരിക്കേറ്റ് ചികിത്സ തേടിയ യുവാക്കളെ വീണ്ടും ആക്രമിച്ചതോടെയാണ് സംഭവം തല്ലുമാലയായി മാറിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവങ്ങൾ അരങ്ങേറിയത്.വിവാഹഭ്യർത്ഥനയുമായി കാമുകനും സുഹൃത്തുക്കളും യുവതിയുടെ വീട്ടിലെത്തിയിരുന്നു. ചർച്ചയ്ക്കിടെ യുവതിയുടെ വീട്ടുകാരും യുവാക്കളും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും, ഇത് കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
യുവതിയുടെ വീട്ടുകാരും സഹോദരന്റെ സുഹൃത്തുക്കളുമടങ്ങുന്ന എട്ടോളം പേരാണ് യുവാക്കളെ മർദിച്ചത്. പരിക്കേറ്റ യുവാക്കൾ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും, ആക്രമിച്ചവർ പിന്നാലെയെത്തി വീണ്ടും മർദിക്കുകയായിരുന്നു.സംഭവത്തിൽ ഹോസ്ദുർഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.