
ജാഷ്പൂർ : ഛത്തീസ്ഗഢിലെ ജാഷ്പൂരിൽ ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ട്രോളി ബാഗിൽ ഒളിപ്പിച്ച് ഭാര്യ ഒളിവിൽ പോയി. ദുൽദുല പൊലീസ് സ്റ്റേഷൻ പരിധിയിലെ ഭിൻജ്പൂരിലാണ് സംഭവം. മരിച്ച സന്തോഷ് ഭഗത്തിന്റെ(48) ഭാര്യയാണ് കൊലപാതകം നടത്തിയത്. ഇവർ സ്വന്തം മകളെ വിളിച്ച് കുറ്റം സമ്മതിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
കോർബയിൽ താമസിക്കുന്ന മകളെ ഫോണിൽ വിളിച്ചാണ് സന്തോഷ് ഭഗത്തിനെ താൻ കൊലപ്പെടുത്തിയെന്ന് പ്രതി സമ്മതിച്ചത്. തുടർന്ന് മൃതദേഹം ഒരു പുതപ്പ് കൊണ്ട് മൂടിയ ശേഷം ട്രോളി ബാഗിൽ തിരുകി ഒളിപ്പിക്കുകയായിരുന്നു. മരിച്ച സന്തോഷിന്റെ മൂത്ത സഹോദരനായ വിനോദ് മിഞ്ചാണ് പൊലീസിൽ പരാതി നൽകിയത്.
പ്രതിക്ക് മൂന്ന് മക്കളുണ്ട്. ഇവർ മുംബൈയിൽ ജോലി ചെയ്തിരുന്നതായും ഏതാനും മാസങ്ങൾക്ക് മുമ്പാണ് ജാഷ്പൂരിലേക്ക് തിരിച്ചെത്തിയതെന്നും വിനോദ് മിഞ്ച് പറഞ്ഞു. നിലവിൽ പ്രതി ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തി വരികയാണെന്നും പൊലീസ് പറഞ്ഞു.