Banner Ads

നെടുമ്പാശ്ശേരി അപകടത്തിൽ മരിച്ച പെൺകുട്ടികളെ അധിക്ഷേപിച്ചു; കെ പി ശശികലക്കെതിരെ പൊലീസിൽ പരാതി

കൊച്ചി : നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാറിടിച്ച് മരിച്ച പെൺകുട്ടികൾക്കെതിരെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലക്കെതിരെ പരാതി.

ആലുവയിലെ സിപിഐ നേതാവ് ഷിഹാബ് പറേലിയാണ് നെടുമ്പാശ്ശേരി പൊലീസിൽ പരാതി നൽകിയത്. അപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബത്തിനെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്യുമെന്ന് കെപി ശശികല നേരത്തെ പറഞ്ഞിരുന്നു. കൂടാതെ ശശികല നേരിട്ട് ഫോണിൽ വിളിച്ചതായും കുടുംബം ആരോപിച്ചു. അപകടത്തിൽ മരിച്ച പെൺകുട്ടികളെ ശശികല അധിക്ഷേപിച്ചതിനെതിരെ കുടുംബം പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.

ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടയിലുണ്ടായ ദാരുണമായ അപകടത്തെ വർഗീയവൽക്കരിക്കാനും പെൺകുട്ടികളുടെ സ്വഭാവഹത്യ നടത്താനുമാണ് ശശികല ശ്രമിക്കുന്നതെന്ന് ഗോപികയുടെ അച്ഛൻ പ്രദീപ് കുമാർ, അമ്മ സജിത, പിതൃസഹോദരൻ എം ആർ അനിൽകുമാർ എന്നിവർ കുറ്റപ്പെടുത്തി.

പെൺകുട്ടികളുടെ കുടുംബത്തിന്റെ പരാതിയും പ്രതിഷേധവും ശക്തമായ സാഹചര്യത്തിലാണ് കെ പി ശശികലക്കെതിരെ പൊലീസ് പരാതി രജിസ്റ്റർ ചെയ്തിരിക്കുന്നത്.