
കൊച്ചി : ഡിജിപി എസ് ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണ ആവശ്യത്തിൽ ഉത്തരവ് പാലിക്കാത്തതിനെ തുടർന്ന് ആഭ്യന്തര വകുപ്പിനെതിരെ കടുത്ത നിലപാടുമായി ഹൈക്കോടതി. ആഭ്യന്തര വകുപ്പ് സെക്രട്ടറി മിൻഹാജ് ആലം മറ്റന്നാൾ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് സിംഗിൾ ബെഞ്ച് നിർദേശം നൽകി.
അനുമതിയില്ലാതെയുള്ള വിദേശയാത്ര ഉൾപ്പെടെയുള്ള വിഷയങ്ങളിലാണ് ഡിജിപി എസ് ശ്രീജിത്തിനെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നത്. അന്വേഷണ കാര്യത്തിൽ മൂന്നാഴ്ചയ്ക്കകം തീരുമാനമെടുത്ത് അറിയിക്കണമെന്ന് ഹൈക്കോടതി നേരത്തെ ആഭ്യന്തര വകുപ്പിനോട് നിർദേശിച്ചിരുന്നു.
എന്നാൽ നിർദേശം പാലിക്കാതെ കൂടുതൽ സാവകാശം തേടിയതാണ് കോടതിയുടെ കടുത്ത വിമർശനത്തിന് ഇടയാക്കിയത്. തുടർന്നാണ് ആഭ്യന്തര സെക്രട്ടറി നേരിട്ട് ഹാജരാകാൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്.