
ശബരിമല : ചിങ്ങമാസ പൂജകൾക്കായി ശബരിമല ഇന്ന് വൈകുന്നേരം 5 മണിക്ക് തുറക്കും. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നടതുറന്ന് ശ്രീകോവിലിൽ ദീപം തെളിയിക്കും. തുടർന്ന് പതിനെട്ടാം പടിക്ക് താഴെയുള്ള ആഴിയിൽ അഗ്നി പകരും. മലയാള പുതുവർഷ ദിനമായ ചിങ്ങം 1ന് (നാളെ) രാവിലെ 5 മണി മുതൽ ഭക്തർക്ക് ദർശനം അനുവദിക്കും.
ശബരിമല ഉൾക്കഴകത്തെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ചിങ്ങം 1ന് ഉഷ പൂജയ്ക്ക് ശേഷം നടക്കും. ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി ആഗസ്റ്റ് 21ന് രാത്രി 10 മണിക്ക് നട അടയ്ക്കും. തുടർന്ന് ഓണം പൂജകൾക്കായി ആഗസ്റ്റ് 24ന് ക്ഷേത്രനട വീണ്ടും തുറക്കും.