ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനെതിരായ സോഷ്യൽ മീഡിയ പോസ്റ്റ് അശോക സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവിയും അസോസിയേറ്റ് പ്രഫസറുമായ അധ്യാപകൻ അറസ്റ്റിൽ.അലി ഖാൻ മഹ്മൂദാബാദിനെയാണ് ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ സിന്ദൂർ, ആൾക്കൂട്ട ആക്രമണങ്ങൾ, ബുൾഡോസർ രാജ് എന്നിവ പരാമർശിച്ച് അലി ഖാൻ മഹ്മൂദാബാദ് പങ്കുവച്ച പോസ്റ്റാണ് നടപടിക്ക് ആധാരം.
ഡൽഹിയിൽ വെച്ചാണ് അറസ്റ്റ് ചെയ്തതെന്ന് അസി. പൊലീസ് കമ്മീഷണർ അജിത് സിങ് പറഞ്ഞു.അലി ഖാൻ മഹ്മൂദാബാദിനെ പൊലീസ് കസ്റ്റഡിയിലെടുത്ത വിവരം സർവകലാശാലയും സ്ഥിരീകരിച്ചിട്ടുണ്ട്. കേസിന്റെ വിശദാംശങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും അശോക സർവകലാശാല പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചിരിക്കുന്നത്.അന്വേഷണത്തിൽ പൊലീസുമായും മറ്റ് സ്ഥാപനങ്ങളുമായും സർവകലാശാല പൂർണമായി സഹകരിക്കുമെന്നും പ്രസ്താവനയിൽ അറിയിച്ചു.
യുവ മോർച്ച നേതാവും ജതേരി ഗ്രാമത്തിലെ സർപഞ്ചുമായ യോഗേഷ് ജതേരി, ഹരിയാന വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ രേണു ഭാട്ടിയ എന്നിവർ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ അലി ഖാൻ മഹ്മൂദാബാദിനെതിരെ പോലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തതായാണ് വിവരം. സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ നേരത്തെ ഹരിയാന സംസ്ഥാന വനിതാ കമ്മീഷനും അലി ഖാൻ മഹ്മൂദാബാദിന് പ്രൊഫസർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
കേണൽ ഖുറേഷിയെ അഭിനന്ദിക്കുന്ന വലതുപക്ഷക്കാർ, ആൾക്കൂട്ട ആക്രമണങ്ങളുടെയും സ്വത്തുക്കൾ ‘ഏകപക്ഷീയമായി’ തകർക്കുന്നതിന്റെയും ഇരകൾക്ക് സംരക്ഷണം ആവശ്യപ്പെടണം എന്നായിരുന്നു അലി ഖാൻ മഹ്മൂദാബാദിന്റെ പോസ്റ്റിന്റെ ഉള്ളടക്കം. ”കേണൽ സോഫിയ ഖുറേഷിയെ പ്രശംസിക്കുന്ന നിരവധി വലതുപക്ഷ കമന്റേറ്റർമാരെ കാണുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്.
ഒരുപക്ഷേ അവർക്ക് ആൾക്കൂട്ട കൊലപാതകങ്ങളുടെയും ഏകപക്ഷീയമായ ബുൾഡോസിങ്ങിന്റെയും ബിജെപിയുടെ വിദ്വേഷ പ്രചാരണത്തിന്റെയും ഇരകളായ മറ്റുള്ളവരെയും ഇന്ത്യൻ പൗരന്മാരായി സംരക്ഷിക്കണമെന്ന് ഉച്ചത്തിൽ ആവശ്യപ്പെടാനും കഴിയും. രണ്ട് വനിതാ സൈനികർ അവരുടെ കണ്ടെത്തലുകൾ അവതരിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ അനിവാര്യമാണ്. പക്ഷേ, അവ യാഥാർത്ഥ്യത്തിലേക്ക് വിവർത്തനം ചെയ്യപ്പെടണം. അല്ലാത്തപക്ഷം അത് വെറും ‘കാപട്യം’ മാത്രമാണ്’ എന്നായിരുന്നു മഹ്മൂദാബാദിന്റെ പ്രതികരണം.