
ബെംഗളൂരു: ബെംഗളൂരുവിലെ ഒരു പ്രമുഖ എൻജിനിയറിങ് കോളജിൽ ഏഴാം സെമസ്റ്റർ വിദ്യാർഥിനിയെ ബലാൽസംഗം ചെയ്ത സംഭവത്തിൽ ജൂനിയർ വിദ്യാർഥിയെ പോലീസ് അറസ്റ്റ് ചെയ്തു.ബസവനഗുഡിയിലെ ബിഎംഎസ് കോളജ് ഓഫ് എൻജിനിയറിങ്ങിലെ അഞ്ചാം സെമസ്റ്റർ വിദ്യാർഥിയായ ജീവൻ ഗൗഡ (21) ആണ് അറസ്റ്റിലായത്.
ഇയാൾ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഹനുമന്തനഗർ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.രാവിലെ കോളജിലെത്തിയ വിദ്യാർഥിനിയോട് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് പ്രതി അടുക്കുകയായിരുന്നു.ഉച്ചയ്ക്ക് ആർക്കിടെക്ചർ ബ്ലോക്കിലെ ഏഴാം നിലയിലേക്ക് വരാൻ പ്രതി ഫോണിൽ വിളിച്ചു. അവിടെയെത്തിയ പെൺകുട്ടിയെ ചുംബിക്കാൻ പ്രതി ശ്രമിച്ചു.ഇതിൽ ഭയന്ന് പെൺകുട്ടി ലിഫ്റ്റിൽ കയറി ആറാം നിലയിലേക്ക് പോയെങ്കിലും, പ്രതി പിന്തുടർന്ന് ആൺകുട്ടികളുടെ വാഷ്റൂമിൽ വലിച്ചിഴച്ച് കയറ്റി ബലാൽസംഗം ചെയ്യുകയായിരുന്നു.
അതിക്രമത്തിനിടെ പ്രതി പെൺകുട്ടിയുടെ ഫോൺ പിടിച്ചെടുത്തു. പിന്നീട്, ഗർഭനിരോധന ഗുളിക വേണോയെന്ന് ചോദിച്ച് പ്രതി വിളിച്ചതായും എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.മാതാപിതാക്കൾ വിഷമിക്കുമെന്ന ഭയം മൂലമാണ് പരാതി നൽകാൻ വൈകിയതെന്ന് പെൺകുട്ടി മൊഴി നൽകി. സംഭവത്തിനു ശേഷം പെൺകുട്ടി സുഹൃത്തുക്കളെയാണ് ആദ്യം വിവരമറിയിച്ചത്.ഇന്ത്യൻ ശിക്ഷാ നിയമത്തിന് പകരമുള്ള ബിഎൻഎസ് സെക്ഷൻ 64 പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.