Banner Ads

കോൾഗേറ്റ് വിൽപ്പന കൂപ്പുകുത്തി; ഇന്ത്യക്കാർ ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നില്ല എന്ന് കമ്പനി

മുംബൈ : ഇന്ത്യയിൽ ടൂത്ത് പേസ്റ്റ് നിർമ്മാതാക്കളായ കോൾഗേറ്റ്-പാമോലിവ് കമ്പനിയുടെ വിൽപ്പനയിൽ വൻ ഇടിവ്. എന്നാല്‍ വിചിത്രമായി മറുപടിയാണ് കമ്പനി മുന്നോട്ടുവെക്കുന്നത്. പല്ലു തേക്കാൻ ഇന്ത്യക്കാർ ടൂത്ത് പേസ്റ്റ് വാങ്ങുന്നില്ലെന്നാണ് കമ്പനി പറയുന്നത്. രാജ്യത്തെ ടൂത്ത് പേസ്റ്റ് വിപണിയുടെ പകുതിയോളം നിയന്ത്രിക്കുന്ന കോൾഗേറ്റിന് തുടർച്ചയായ മൂന്നാമത്തെ സാമ്പത്തിക പാദത്തിലും വൻ തിരിച്ചടിയാണ് നേരിട്ടത്. കഴിഞ്ഞ വർഷം സെപ്റ്റംബർ പാദത്തെ അപേക്ഷിച്ച് വരുമാനത്തിൽ 6.3 ശതമാനത്തിന്റെ കുറവുണ്ടായി.

കമ്പനിയുടെ ചെയർമാനും ആഗോള ചീഫ് എക്‌സിക്യൂട്ടീവുമായ നോയൽ വാലസ് പറയുന്നത് അടുത്ത കാലത്തൊന്നും വിപണി തിരിച്ചുപിടിക്കാൻ കഴിയില്ലെന്നാണ്. നഗരങ്ങളിലാണ് ഏറ്റവും വലിയ ഇടിവ് നേരിട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടൂത്ത് പേസ്റ്റ് അടക്കമുള്ള ദന്ത സംരക്ഷണ ഉത്പന്നങ്ങളുടെ ജിഎസ്ടി 18 ശതമാനത്തിൽനിന്ന് അഞ്ച് ശതമാനമായി കുറച്ചിട്ടും കമ്പനിയുടെ വിൽപനയിൽ വർദ്ധനവുണ്ടായില്ല. വിതരണ ശൃംഖലയിലുണ്ടായ പ്രശ്‌നങ്ങളും വിൽപനയെ സാരമായി ബാധിച്ചു.

ഉപഭോക്താക്കൾ കുറഞ്ഞ പേസ്റ്റ് മാത്രമാണ് ഉപയോഗിക്കുന്നത് എന്നും കമ്പനി നേരത്തെ വിലയിരുത്തിയിരുന്നു. ഉപഭോക്താക്കളെ ആകർഷിക്കാനായി ഗുണമേന്മയുള്ളതും വിലകൂടിയതുമായ പുതിയ പേസ്റ്റുകൾ കോൾഗേറ്റ് പുറത്തിറക്കിയെങ്കിലും ഗ്രാമീണ വിപണിയിൽ കോൾഗേറ്റ് സ്ട്രോങ് ടീത്ത് പോലുള്ള ഉത്പന്നങ്ങൾക്ക് പോലും വിപണി പിടിക്കാൻ കഴിഞ്ഞിട്ടില്ല. വിൽപന കുറഞ്ഞതിനെക്കുറിച്ച് അടുത്ത ആഴ്ച വിശദമായി അവലോകനം ചെയ്യുമെന്നും വിപണിയിൽ ശക്തരാകാൻ പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കുമെന്നും കമ്പനി അറിയിച്ചു.