Banner Ads

പശുക്കടത്ത് സംശയിച്ച്‌ 12-ാം ക്ലാസ് വിദ്യാർത്ഥിയെ വെടിവെച്ച്‌ കൊലപ്പെടുത്തി

ന്യൂഡല്‍ഹി : ഹരിയാനയിലെ ഫരീദാബാദില്‍ പശുക്കടത്ത് സംശയിച്ച്‌ 12-ാം ക്ലാസ് വിദ്യാർത്ഥിയായ ആര്യൻ മിശ്രയെ കാറില്‍ പിന്തുടർന്ന് വെടിവെച്ച്‌ കൊലപ്പെടുത്തി. ആഗസ്റ്റ് 23 ന്ഉണ്ടായ ആക്രമണത്തെ തുടർന്ന് ഗോ രക്ഷാ പ്രവർത്തകരായ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.  പ്രതികളായ അനില്‍ കൗശിക്, വരുണ്‍, കൃഷ്ണ, ആദേശ്, സൗരഭ് തുടങ്ങിയവരെ തിരിച്ചറിഞ്ഞിട്ടുമുണ്ട്. ആര്യൻ മിശ്രയും സുഹൃത്തുക്കൾ ഷാങ്കിയും ഹർഷിത്തും കാറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം നടക്കുന്നത്. പശുക്കടത്തുകാരാണെന്ന് തെറ്റിദ്ധരിച്ചാണ് ഇവർ ആര്യനെയും സുഹൃത്തുക്കളെയും ഡല്‍ഹി-ആഗ്ര ദേശീയ പാതയില്‍ ഹരിയാനയിലെ ഗധ്പുരിക്ക് സമീപം 30 കിലോമീറ്ററോളം ഇവരുടെ കാറിനെ പിന്തുടർന്നത്. റെനോ ഡസ്റ്റർ, ടൊയോട്ട ഫോർച്യൂണർ കാറുകളില്‍ പശുക്കടത്ത് സംഘങ്ങളിൽ ചിലർ നഗരത്തില്‍ നിന്ന് കന്നുകാലികളെ കൊണ്ടുപോകുന്നതായി ഗോ രക്ഷാ പ്രവർത്തകർക്ക് വിവരം ലഭിച്ചിരുന്നു.

ഇതിന്റെ ഭാഗമായിട്ട് പ്രതികള്‍ പശുക്കടത്തുകാരെ തിരയുന്നതിനിടെ പട്ടേല്‍ ചൗക്കില്‍ ഒരു ഡസ്റ്റർ കാർ കാണുകയും തുടർന്ന് കാർ ഡ്രൈവർ ഹർഷിത്തിനോട് വണ്ടി നിർത്താൻ ആവശ്യപ്പെടുകയും ചെയ്‌തു. എന്നാല്‍, ശങ്കിക്ക് മറ്റ് ചിലരുമായി ശത്രുത ഉണ്ടായിരുന്നുവെന്നതിനാല്‍ അവരെ കൊല്ലാൻ ഗുണ്ടകളെ അയച്ചതാണെന്ന് കരുതി ഇവർ വണ്ടി നിർത്താതെ പോയതിനെ തുടർന്ന് പ്രതികള്‍ കാറിന് നേരെ വെടിവെയ്ക്കുകയും പാസഞ്ചർ സീറ്റിലിരുന്ന ആര്യൻ്റെ കഴുത്തിന് സമീപത്തായി വെടിയേല്‍ക്കുകയുമായിരുന്നു.  ഒടുവില്‍ കാർ നിർത്തിയപ്പോള്‍ വീണ്ടും വെടി വെയ്ക്കുകയും എന്നാല്‍, കാറിനുള്ളിൽ രണ്ട് സ്ത്രീകളെ കണ്ടതോടെ അബദ്ധം പറ്റിയെന്ന് തിരിച്ചറിഞ്ഞ പ്രതികള്‍ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.  എന്നാൽ ആശുപത്രിയിലെത്തിച്ച ആര്യൻ ഒരു ദിവസത്തിന് ശേഷം മരിക്കുകയും ചെയ്തു. പ്രതികള്‍ നിയമവിരുദ്ധമായാണ് തോക്ക് കൈവശം വെച്ചതെന്നാണ് പോലീസ് പറയുന്നത്.  പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു.  ഇതിനെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *