Banner Ads

മന്ത്രിയുടെ വാഹനം ആക്രമിച്ചെന്ന് പ്രചരിപ്പിക്കുന്നത് നാടകം: ദൃശ്യങ്ങളുണ്ടെങ്കിൽ പുറത്തുവിടട്ടെ; എം വിജിൻ

കണ്ണൂർ : മന്ത്രിയുടെ വാഹനം ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചുവെന്നത് തെറ്റായ പ്രചാരണമാണെന്നും തങ്ങൾക്കെതിരെ നാടകം മെനയുകയാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ. മന്ത്രിയുടെ വാഹനം പയ്യന്നൂരിലൂടെ കടന്നുപോകുമ്പോൾ ഫ്ലാഗ് പോസ്റ്റ് അടക്കം സുരക്ഷിതമായി ഉണ്ടായിരുന്നെന്നും പിന്നെങ്ങനെയാണ് അത് ഡിവൈഎഫ്ഐ ഒടിച്ചതെന്ന് പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഡിവൈഎഫ്ഐ പ്രവർത്തകർ കല്ലുപയോഗിച്ച് വാഹനം ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ഉണ്ടെങ്കിൽ പുറത്തുവിടാൻ വെല്ലുവിളിക്കുകയാണെന്നും വിജിൻ പറഞ്ഞു. മന്ത്രിയുടെ വാഹനം യഥാർത്ഥത്തിൽ ആരാണ് ആക്രമിച്ചതെന്ന് സമഗ്രമായി അന്വേഷിക്കണം. മാധ്യമങ്ങൾക്ക് ആക്രമണ ദൃശ്യങ്ങൾ അയച്ചുകൊടുത്തത് യൂത്ത് കോൺഗ്രസ് നേതാക്കളാണ്.

അതിനാൽ ഫ്ലാഗ് പോസ്റ്റ് തകർത്തതിലും കല്ലുകൊണ്ട് ഇടിച്ചതിലും യൂത്ത് കോൺഗ്രസിന് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിക്കെതിരെയുള്ള പ്രതിഷേധം ഇനിയും തുടരും. ബിജെപിയുടെ സമരത്തോട് മന്ത്രി മൃദുസമീപനമാണ് സ്വീകരിക്കുന്നത്. മന്ത്രി സംഘപരിവാറിന് കീഴടങ്ങിയിരിക്കുകയാണ്.

ജനാധിപത്യപരമായ സമരങ്ങൾ കൈയും കെട്ടി നോക്കിനിൽക്കാനാകില്ല. മന്ത്രിയെ വ്യക്തിപരമായി ആക്രമിക്കാൻ ആഹ്വാനം ചെയ്തിട്ടില്ല. യൂത്ത് കോൺഗ്രസ് പ്രവർത്തകർ അക്രമം അഴിച്ചുവിട്ടാൽ നോക്കിനിൽക്കില്ലെന്നാണ് പറഞ്ഞതെന്നും ആ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും വിജിൻ വ്യക്തമാക്കി.