Banner Ads

തൃപ്രയാറിൽ സിനിമാറ്റിക്കൽ കവർച്ച; കാർ തടഞ്ഞുനിർത്തി മുളകുപൊടി സ്പ്രേ ചെയ്ത് 16 ലക്ഷം കവർന്നു

തൃശൂർ : തൃപ്രയാറിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരെ ആക്രമിച്ച് 16 ലക്ഷത്തിലേറെ രൂപ കവർന്നു. തൃപ്രയാർ പൈന്നൂർ ആമലത്ത് കുളങ്ങര ക്ഷേത്രത്തിന് സമീപമാണ് സംഭവം. മറ്റൊരു കാറിലെത്തിയ സംഘം യാത്രക്കാരുടെ കാറിന്റെ ചില്ല് തകർത്ത് കണ്ണിൽ മുളകുപൊടി സ്പ്രേ ചെയ്താണ് പണം തട്ടിയെടുത്തത്.

പാലക്കാട് സ്വദേശികളാണ് ആക്രമിക്കപ്പെട്ടത്. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വിവരം അന്തിക്കാട് പൊലീസിനെ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി പരാതിക്കാരിൽ നിന്ന് മൊഴി രേഖപ്പെടുത്തി. അക്രമികൾ എത്തിയ ഇന്നോവ കാറിന്റെ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചുവരുന്നു.

ഇത്രയും തുക പാലക്കാട് സ്വദേശികൾ എന്തിനാണ് കൈവശം വെച്ചതെന്നും, ഇവർ തൃപ്രയാറിലേക്ക് എത്തിയതിന്റെ ഉദ്ദേശ്യമെന്താണെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പരാതിക്കാർ പണവുമായി എത്തുന്ന വിവരം മുൻകൂട്ടി അറിയാവുന്നവരാണോ ആക്രമണത്തിന് പിന്നിലെന്നും പൊലീസ് സംശയിക്കുന്നു.