Banner Ads

വേമ്പനാട് കായലിൽ ചുണ്ടൻ വള്ളം കുടുങ്ങി; ശക്തമായ കാറ്റിൽ നിയന്ത്രണം വിട്ടു

ആലപ്പുഴ:നെഹ്‌റു ട്രോഫി വള്ളംകളിക്ക് എത്തിയ നടുവിലെപറമ്പൻ ചുണ്ടൻ വള്ളം വേമ്പനാട് കായലിൽ അപകടത്തിൽപ്പെട്ടു. കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബ്ബ് തുഴയുന്ന വള്ളം, ശക്തമായ കാറ്റിൽ വള്ളം വലിച്ചുകൊണ്ടുപോയ ബോട്ടിന്റെ നിയന്ത്രണം വിട്ടതോടെയാണ് അപകടത്തിൽപ്പെട്ടത്. ബോട്ടിന്റെ യന്ത്രം തകരാറിലായതിനാൽ ടീം കായലിൽ കുടുങ്ങുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. തുടർന്ന് മറ്റൊരു ബോട്ട് എത്തിച്ചാണ് ഇവരെ പുന്നമടയിലേക്ക് എത്തിച്ചത്. ചുണ്ടൻ വള്ളത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല.

അതേസമയം, 71-ാമത് നെഹ്‌റു ട്രോഫി വള്ളംകളിക്ക് പുന്നമടക്കായലിൽ തുടക്കമായി. രാവിലെ ഇരുട്ടുകുത്തി വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങൾ ആരംഭിച്ചു. ആകെ 21 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 75 വള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ഉച്ചയ്ക്ക് 2 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. സിംബാബ്‌വെ ഡെപ്യൂട്ടി മന്ത്രി രാജേഷ് കുമാർ ഇന്ദുകാന്ത് മോദി അടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

വൈകീട്ട് അഞ്ചരയോടെ ഫൈനൽ മത്സരങ്ങൾ നടക്കും. ഫലപ്രഖ്യാപനത്തെക്കുറിച്ചുള്ള പരാതികൾ ഒഴിവാക്കാൻ, ഇത്തവണ വെർച്ചൽ ലൈനോടുകൂടിയ ഫിനിഷിംഗ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. നിലവിലെ ജേതാക്കളായ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് ഈ വർഷം വിജയിച്ചാൽ ഡബിൾ ഹാട്രിക്ക് നേട്ടം സ്വന്തമാക്കും. കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിൽ പരാജയപ്പെട്ട വില്ലേജ് ബോട്ട് ക്ലബ് കൈനകരി, ഇത്തവണയും വിയപുരം ചുണ്ടനിലാണ് തുഴയുന്നത്. യുബിസി കൈനകരി, നിരണം ബോട്ട് ക്ലബ്ബ്, കുമരകം ടൗൺ ബോട്ട് ക്ലബ്ബ്, ഇമ്മാനുവൽ ബോട്ട് ക്ലബ്ബ് തുടങ്ങിയ പ്രമുഖ ടീമുകളെല്ലാം മത്സരത്തിനിറങ്ങുന്നുണ്ട്.