Banner Ads

ഹൃദയാഘാതത്തിനിടയിലും കുട്ടികളുടെ സുരക്ഷ; തൃശ്ശൂരിൽ ബസ് ഡ്രൈവറുടെ ധീരമായ അന്ത്യം നാടിന് നൊമ്പരമായി

തൃശൂർ : പാലുവായ് സെന്റ് ആന്റണീസ് യുപി സ്കൂളിലെ ബസ് ഡ്രൈവറായിരുന്ന രാജൻ (55) മരണത്തിനു മുന്നിലും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കി യാത്രയായി. ചക്കം കണ്ടം സ്വദേശിയാണ് രാജൻ. ഇന്ന് രാവിലെ ഒമ്പതരയോടെ കുട്ടികളുമായി സ്കൂളിലേക്ക് പോകുമ്പോൾ കാർഗിൽ നഗറിനടുത്ത് വെച്ചാണ് രാജന് ഹൃദയാഘാതം സംഭവിച്ചത്.

മരണവേദനയിലും ബസിലെ കുഞ്ഞുങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ രാജൻ വാഹനം റോഡരികിൽ സുരക്ഷിതമായി നിർത്തി. ഉടൻ തന്നെ പ്രദേശവാസികൾ ചേർന്ന് രാജനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മക്കളില്ലാത്ത രാജൻ സ്വന്തം കുഞ്ഞുങ്ങളെപ്പോലെയാണ് സ്കൂളിലെ വിദ്യാർഥികളെ സ്നേഹിച്ചിരുന്നത്.

ഐസ്ക്രീം നൽകിയും മിഠായി നൽകിയും വിദ്യാർഥികളുടെ പ്രിയങ്കരനായിരുന്ന ഈ ഡ്രൈവറെ അവസാനമായി ഒരു നോക്ക് കാണാൻ കുട്ടികൾ എത്തിയത് നൊമ്പരക്കാഴ്ചയായി. സംസ്കാരം ഗുരുവായൂർ നഗരസഭ ഗ്യാസ് ശ്മശാനത്തിൽ നടന്നു.