Banner Ads

സ്കൂൾ അധികൃതർക്കെതിരെ ബാലാവകാശ ലംഘനം: ബസ് ഫീസിന്റെ പേരിൽ വിദ്യാർഥിയെ കയറ്റാതിരുന്നത് വിവാദമായി

ചേലേമ്ബ്ര: മലപ്പുറം ചേലേമ്പ്രയിൽ, ബസ് ഫീസ് അടയ്ക്കാൻ വൈകിയതിൻ്റെ പേരിൽ അഞ്ച് വയസ്സ് മാത്രം പ്രായമുള്ള യു.കെ.ജി വിദ്യാർഥിയോട് സ്കൂൾ അധികൃതർ ക്രൂരത കാണിച്ചതായി പരാതി. പ്രധാനാധ്യാപികയുടെ നിർദ്ദേശത്തെ തുടർന്ന് കുട്ടിയെ സ്കൂൾ ബസിൽ കയറ്റാതെ വഴിയിലാക്കുകയായിരുന്നു. ചേലേമ്പ്ര എ.എൽ.പി. സ്കൂൾ അധികൃതർക്കെതിരെയാണ് കുടുംബം പരാതി നൽകിയിരിക്കുന്നത്.

മാസത്തിലെ 500 രൂപ വീതം രണ്ട് മാസത്തെ 1000 രൂപയാണ് ബസ് ഫീസായി അടയ്ക്കാൻ ഉണ്ടായിരുന്നത്.ഗൾഫിലുള്ള കുട്ടിയുടെ അച്ഛൻ വിസ ക്യാൻസൽ ചെയ്ത് തിരിച്ചെത്തുന്നതിനാൽ ഫീസ് അടയ്ക്കാൻ കുറച്ച് ദിവസത്തെ താമസം ഉണ്ടാകുമെന്ന് ക്ലാസ് ടീച്ചറെ വിളിച്ച് അറിയിച്ചിരുന്നു. രാവിലെ സ്കൂൾ ബസ് എത്തിയപ്പോൾ കൂടെയുണ്ടായിരുന്ന മറ്റ് വിദ്യാർഥികളെ കയറ്റുകയും എന്നാൽ ഈ യു.കെ.ജി. വിദ്യാർഥിയെ മാത്രം കയറ്റാതെ മുന്നോട്ട് പോകുകയുമായിരുന്നു.

സംഭവത്തെ തുടർന്ന് മകന് മാനസിക പ്രയാസമുണ്ടായെന്നും, ഇതേക്കുറിച്ച് അന്വേഷിക്കാൻ സ്കൂളിലെത്തിയപ്പോൾ അധികൃതർ മോശമായി പെരുമാറിയെന്നും കുട്ടിയുടെ മാതാവ് ആരോപിച്ചു.പ്രധാനാധ്യാപികക്കും സ്കൂൾ മാനേജർക്കുമെതിരെ കുടുംബം വിദ്യാഭ്യാസ മന്ത്രിക്കും പോലീസിനും സംസ്ഥാന ബാലാവകാശ കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്.