
കണ്ണൂർ : സംസ്ഥാനത്ത് ചിക്കൻപോക്സ് രോഗികളുടെ എണ്ണം കൂടുന്നു. ഈ വർഷം സെപ്റ്റംബർ അവസാനം വരെ 20,738 പേരാണ് ചിക്കൻപോക്സിന് ചികിത്സ തേടിയത്. ഇതിൽ ആറുപേർ മരിക്കുകയും ചെയ്തു. കഴിഞ്ഞ മാസം മാത്രം 2180 പേരാണ് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രികളിലും പച്ചമരുന്ന് ചികിത്സ തേടുന്നവരുടെയും എണ്ണം ഇതിന്റെ ഇരട്ടിയോ അതിലധികമോ വരുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടൽ.
കഴിഞ്ഞ മാസം കോഴിക്കോട് ജില്ലയിൽ മാത്രം വിവിധ സർക്കാർ ആശുപത്രികളിൽ 208 പേർ ചികിത്സ തേടി. നഗരപ്രദേശങ്ങളിലും മലയോര മേഖലകളിലുമടക്കം രോഗം പടർന്നു പിടിക്കുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അന്തരീക്ഷത്തിലെ ചൂട് കൂടുന്നതിന് അനുസരിച്ചാണ് രോഗം പടരുന്നത്. വെരിസെല്ല-സോസ്റ്റർ വൈറസ് ആണ് രോഗബാധയ്ക്ക് കാരണം.
രോഗം പകരാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. ചിക്കൻപോക്സ് കുമിളകളിലെ സ്രവങ്ങളിൽ നിന്നും രോഗബാധിതർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തേക്ക് ചിതറുന്ന കണങ്ങളിലൂടെയും അസുഖം പകരാം. കുമിളകൾ പൊറ്റകളായി മാറുന്ന സമയം വരെ മാത്രമേ മറ്റൊരാളിലേക്ക് പകരുകയുള്ളൂ. വൈറസിന്റെ ഇൻക്യുബേഷൻ സമയം 10 മുതൽ 21 ദിവസമാണ്.
പനി, തലവേദന, പേശിവേദന, വിശപ്പില്ലായ്മ എന്നിവ കുരുക്കള്‍ പൊങ്ങുന്നതിന് മുമ്പ് കാണപ്പെടും. നേരിയ ചൊറിച്ചിലോടെ ആരംഭിക്കുന്ന ചുവന്നു തിണർത്ത പാടുകളും തുടർന്ന് തൊലിപ്പുറത്ത് വെള്ളം നിറഞ്ഞ ചെറിയ കുമിളകൾ പോലുള്ള പൊങ്ങലുകളുമായി മാറുന്നതാണ് പ്രധാന ലക്ഷണം. തുടക്കത്തിൽ മുഖത്തും പുറത്തും നെഞ്ചിലുമായി പ്രത്യക്ഷപ്പെടുന്ന കുമിളകൾ പിന്നീട് ശരീരമാസകലം പടരാം.
കുരുക്കൾ ഏകദേശം 10 ദിവസങ്ങൾക്കുള്ളിൽ പൊറ്റകളായി മാറി അപ്രത്യക്ഷമാകും. ചിക്കൻപോക്സിന് പുറമെ ഡെങ്കിപ്പനി, വയറിളക്കം, എലിപ്പനി, മഞ്ഞപ്പിത്തം എന്നീ രോഗങ്ങളുമായി ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. രോഗലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി.