
കൊച്ചി : ചേരാനെല്ലൂരിൽ അമിതവേഗതയിലെത്തിയ ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ വാഹന ഉടമയായ അഡീഷണൽ ജഡ്ജിക്കെതിരെ പോലീസ് കേസെടുത്തു. ഹൈക്കോടതിയുടെ അനുമതി വാങ്ങിയ ശേഷമാണ് 17കാരന്റെ പിതാവും വാഹന ഉടമയുമായ ജഡ്ജിക്കെതിരെ കേസെടുക്കാൻ പോലീസ് നടപടി സ്വീകരിച്ചത്.
പ്രായപൂർത്തിയാകാത്ത പ്രതിക്ക് അനുവദിച്ച സ്റ്റേഷൻ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസ് എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ അപേക്ഷ നൽകും. സോഷ്യൽ മീഡിയ റീൽസിനായി അതിവേഗതയിൽ വാഹനം ഓടിക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിക്കാനാണ് 17കാരൻ രാത്രി വൈകി കാറുമായി ഇറങ്ങിയതെന്ന് പോലീസ് പറയുന്നു.
അപകടത്തിന് തൊട്ടുമുമ്പ് കാർ 104 കിലോമീറ്റർ വേഗതയിൽ ഓടിക്കുന്നതിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പ്രതി സ്ഥിരമായി വാഹനം ഉപയോഗിച്ചിരുന്നയാളാണെന്നും പോലീസ് വ്യക്തമാക്കി. ലൈസൻസില്ലാതെ വാഹനമോടിക്കൽ (മോട്ടോർ വാഹന നിയമം 181), അമിതവേഗത (മോട്ടോർ വാഹന നിയമം 183) എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. ഞായറാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ (55) ആണ് മരിച്ചത്.
അപകടത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്ത പ്രതിക്ക് ഞായറാഴ്ച വൈകിട്ടോടെ സ്റ്റേഷൻ ജാമ്യം നൽകിയതിൽ പോലീസ് സ്റ്റേഷന് മുന്നിൽ കുടുംബാംഗങ്ങൾ കുത്തിയിരിപ്പ് പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധത്തിനിടെ ജയബാലകൃഷ്ണന്റെ മകൾ തളർന്നുവീഴുകയും ചെയ്തു. പിതാവിന് നീതി ലഭിക്കാനായി ഏതറ്റം വരെയും പോകുമെന്ന് മകൾ മാധ്യമങ്ങളോട് പ്രതികരിച്ചു.