Banner Ads

പൗരന്മാരുടെ പോരാട്ടവീര്യത്തിന് മുന്നിൽ വഴങ്ങി കേന്ദ്രം; ധർമേന്ദ്ര പ്രധാന്റെ രാജിയിൽ പ്രതികരിച്ച് സോനം വാങ്ചുക്ക്

ഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയമാണെന്ന് പരിസ്ഥിതി പ്രവർത്തകനും വിദ്യാഭ്യാസ പരിഷ്കർത്താവുമായ സോനം വാങ്ചുക്ക്. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഭയം മാറ്റിവെച്ച് പ്രക്ഷോഭ രംഗത്തിറങ്ങിയ എല്ലാ പൗരന്മാർക്കും നന്ദി അറിയിച്ചു.

ആശുപത്രി കിടക്കയിൽ നിന്ന് വിജയാടയാളം കാണിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് വാങ്ചുക്ക് സന്തോഷം പങ്കുവെച്ചത്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യത്തെ വിദ്യാഭ്യാസ രംഗത്ത് പരിഷ്കരണങ്ങൾ നടപ്പിലാക്കണമെന്നും വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് കോക്ക്റോച്ച് ജനതാ പാർട്ടി നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി ജൂൺ 28 മുതൽ സോനം വാങ്ചുക്ക് നിരാഹാര സമരത്തിലായിരുന്നു.

രാജ്യവ്യാപകമായി വിദ്യാർത്ഥി സംഘടനകളും പ്രതിപക്ഷ പാർട്ടികളും പ്രക്ഷോഭം കടുപ്പിക്കുകയും സോനം വാങ്ചുക്ക് അടക്കമുള്ളവർ നിരാഹാര സമരം തുടരുകയും ചെയ്ത സാഹചര്യത്തിലാണ് ധർമേന്ദ്ര പ്രധാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജിവെക്കാൻ നിർബന്ധിതനായത്.