
കോഴിക്കോട് : താമരശ്ശേരിയിൽ ഇരുപതുകാരിയെ പലതവണ ബലാത്സംഗം ചെയ്ത കേസിൽ സ്വകാര്യ ബസ് ജീവനക്കാരായ രണ്ടുപേരെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ബസ് ഡ്രൈവറായ പുതുപ്പാടി വെസ്റ്റ് കൈതപ്പൊയിൽ സ്വദേശി കെ കെ അനീഷ്, ബസ് ക്ലീനറായ വെസ്റ്റ് കൈതപ്പൊയിൽ പുഴക്കുന്നുമ്മൽ സ്വദേശി സജിത് എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ഏപ്രിൽ മാസം മുതൽ വിവിധ അവസരങ്ങളിലായി ഇവർ യുവതിയെ പീഡിപ്പിച്ചതായാണ് പരാതി. താമരശ്ശേരി ചുരത്തിന് സമീപം നിർത്തിയിട്ട ബസിനുള്ളിൽ വെച്ചും പീഡനം നടന്നതായി പരാതിയിൽ പറയുന്നു. താമരശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയാണ് പരാതിക്കാരി.
യുവതിയുടെ കുടുംബവുമായി പ്രതികൾക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. ഈ പരിചയം മുതലെടുത്താണ് ആദ്യം യുവതിയെ കാറിൽ കയറ്റിക്കൊണ്ടുപോയത്. മയക്കുമരുന്ന് നൽകിയ ശേഷം പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. പിന്നീട് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പലതവണ പീഡനം തുടർന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു.
താമരശ്ശേരി ചുരത്തിന് സമീപം സ്വകാര്യ ബസ് നിർത്തിയിടുന്ന സ്ഥലത്ത് വെച്ച് ബസിനുള്ളിലും യുവതിയെ പീഡിപ്പിച്ചു. പീഡനം ആവർത്തിച്ചതോടെ യുവതി ആദ്യം കൊടുവള്ളി പൊലീസിലും തുടർന്ന് കാക്കൂർ പൊലീസിലും പരാതി നൽകി. സംഭവം നടന്നത് താമരശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് താമരശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിച്ചുവരികയാണ്.